Source: Facebook
KERALA

"അനിലാണ് പൊലീസിൽ പരാതി നൽകാൻ പറഞ്ഞത്"; ബിജെപി കൗൺസിലറുടെ മരണത്തിൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

അനിൽ മരിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് പരാതി നൽകാൻ ആവശ്യപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിൽകുമാറിൻ്റെ ആത്മഹത്യയിൽ നിർണായക വെളിപ്പെടുത്തൽ ന്യൂസ് മലയാളത്തിന്. പൊലീസിൽ പരാതി നൽകാൻ പറഞ്ഞത് അനിൽകുമാറെന്ന് പരാതിക്കാരി വത്സല വെളിപ്പെടുത്തി. ഒപ്പമുണ്ടായിരുന്നവരാണ് അനിൽകുമാറിനെ ഒറ്റപ്പെടുത്തിയതെന്നും, സംഘത്തിൽപ്പെട്ട എട്ടോ ഒൻപതോ പേരാണ് ഇതിനുപിന്നിലെന്നും പരാതിക്കാരി ആരോപിച്ചു.

സൊസൈറ്റിയിൽ നിക്ഷേപിച്ച പണത്തിൻ്റെ കാര്യം സംബന്ധിച്ച് പരാതിയുണ്ടായിരുന്നുവെന്നും, പൊലീസിനെ സമീപിക്കാൻ അനിലാണ് പറഞ്ഞതെന്നും പരാതിക്കാരി വത്സല പറഞ്ഞു. ഇതിനായി സ്റ്റേഷനിൽ പോകാൻ ഓട്ടോ കാശ് നൽകിയതും, വെള്ളം വാങ്ങി തന്നതും അനിൽകുമാർ ആണെന്ന് വത്സല പറഞ്ഞു. അനിൽ മരിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് പരാതി നൽകാൻ ആവശ്യപ്പെട്ടത്.

സ്റ്റേഷനിൽ എത്തിയപ്പോൾ അനിലിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, വളരെ മാന്യമായാണ് അനിലിനോട് അവർ പെരുമാറിയതെന്നും വത്സല പറഞ്ഞു. അതേസമയം, അനിൽകുമാറിന് സാമ്പത്തിക ബാധ്യതയില്ലെന്ന് അണികളെ ബോധ്യപ്പെടുത്താൻ കഴിയാത്തതിനാൽ നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.

കേസിൽ അനിൽ കുമാറിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അനിൽകുമാറിൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരുന്നു. കുറിപ്പിൽ സിപിഐഎമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല. ഇപ്പോൾ എന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വലിയ മാനസികാഘാതം ഏൽക്കുന്നുണ്ടെന്നും അനിൽ കുമാർ കുറിച്ചിരുന്നു.

SCROLL FOR NEXT