KERALA

വടി ഒടിയുന്നതു വരെ തല്ലി, മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി; അണക്കരയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചെന്ന് പരാതി

അതേസമയം, ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ല എന്നുമാണ് അധ്യാപകന്‍റെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: അണക്കരയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചെന്ന് പരാതി. അധ്യാപകൻ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നുമാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ല എന്നുമാണ് അധ്യാപകന്‍റെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിയെ അധ്യാപകൻ ശിവകുമാർ മർദിച്ചെന്നാണ് പരാതി. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞു. മകൻ വേദനിച്ചു കരയുകയായിരുന്നുവെന്നും കണ്ടപ്പോൾ വലിയ വിഷമമായെന്നും കണ്ണീരോടെ അമ്മ പറഞ്ഞു. ഉടനെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. ഡോക്ടർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയിരുന്നു. പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.

ക്ലാസിൽ ഓടിനടന്ന കുട്ടിയോട് അടങ്ങിയിരിക്കാനും പുസ്തകം വായിക്കാനും ആവശ്യപ്പെട്ടപ്പോൾ കുട്ടി തന്നെ കളിയാക്കി കൊണ്ട് പുറത്തേക്ക് ഓടി എന്നാണ് അധ്യാപകൻ പറയുന്നത്. തിരിച്ചുവിളിച്ചു കൊണ്ടുവന്ന് മുട്ടിന് താഴെ രണ്ടടി കൊടുക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപകൻ പറഞ്ഞു. ക്ലാസിലുണ്ടായിരുന്ന കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പിടിഎ കമ്മിറ്റി അംഗങ്ങൾ ഇന്ന് സ്കൂളിൽ എത്തും.

SCROLL FOR NEXT