KERALA

മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി; ആരോപണവുമായി ബന്ധുക്കള്‍

ജീവനൊടുക്കുന്നതിന് മുൻപ് ജസീല ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കപ്പെട്ടതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയെന്ന് പരാതി. നാലത്തടുക്ക സ്വദേശി ഇരുപത്തിനാലുകാരിയായ ജസീലയാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം കഴിക്കും മുൻപ് ജസീല ചിത്രീകരിച്ച വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മാനസിക പീഡനത്തെ തുടർന്നാണ് ജസീല മരിച്ചതെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. പൊലീസിൽ നിന്ന് നേരിട്ടത് ക്രൂര മാനസിക പീഡനമെന്ന് ആണ് ബന്ധുക്കളുടെ ആരോപണം. ചോദ്യം ചെയ്തത് വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെയെന്നും വിമർശനമുണ്ട്. താൻ നിരപരാധിയാണെന്നാണ് വീഡിയോയിൽ ജസീല പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിൻ്റെ വീടിൻ്റെ അടുത്തുള്ള ​അയൽവാസിയായ യുവാവും കുടുംബവും ചേർന്ന് ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണാരോപണവും തുടർന്നുണ്ടായ പരസ്യമായ സ്വഭാവഹത്യയുമാണ് ദുരന്തത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ യുവതിയെ ചോദ്യം ചെയ്തത് മാനസികമായി പീഡനമായതായും പരാതിയുണ്ട്. രണ്ട് കുട്ടികളുടെ മാതാവായ ജസീലയെ ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ സമൂഹമധ്യത്തിൽ അപമാനിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

താൻ നിരപരാധിയാണെന്നും തന്നെ എല്ലാവരും അപമാനിച്ചു എന്നുമാണ് ജീവനൊടുക്കുന്നതിന് മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്. "എൻ്റെ മക്കൾ എങ്ങനെ തല ഉയർത്തി നടക്കും മോഷണക്കുറ്റവും അപവാദവും. എനിക്ക് നാണക്കേട് കാരണം ജീവിക്കാൻ പറ്റുന്നില്ല. നാട്ടുകാരായ നിങ്ങളെങ്കിലും സത്യം തിരിച്ചറിയണം. നിങ്ങൾ ഇത് കാണുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല", ഇങ്ങനെയാണ് ജസീലയുടെ വാക്കുകൾ. ജസീലയുടെ മരണത്തിൽ വിദ്യാനഗർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബന്ധുക്കളുടെയും യുവതിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ മേൽ നടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസിൻ്റ പ്രതികരണം.

SCROLL FOR NEXT