KERALA

അകാരണമായി തല്ലി, കള്ളക്കേസെടുത്ത് ജയിലിൽ ആക്കി; ആലപ്പുഴയിൽ പൊലീസ് മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടമായതായി പരാതി

ചേർത്തല സ്വദേശി അനൂപിനാണ് കുമ്പളത്ത് വെച്ച് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പൊലീസ് മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടമായതായി പരാതി. ചേർത്തല സ്വദേശി അനൂപിനാണ് കുമ്പളത്ത് വെച്ച് മർദനമേറ്റത്. നടുറോഡിൽ വാഹനം നിർത്തി എന്ന് ആരോപിച്ചു ആയിരുന്നു അനൂപിനെയും സുഹൃത്തുകളെയും പൊലീസ് മർദിച്ചത്. തുടർന്ന് ഇവരെ കള്ളക്കേസെടുത്ത് ജയിലിൽ ആക്കിയെന്നും പരാതിയുണ്ട്.

2024 ഡിസംബർ 7നാണ് അനൂപും സുഹൃത്തുക്കളും ചേർന്ന് രാത്രി ഭക്ഷണം കഴിക്കാൻ ചേർത്തലയിൽ നിന്ന് എറണാകുളത്തേക്ക് പോയത്. യാത്രാമധ്യേ വാഹനത്തിന് തകരാർ സംഭവിക്കുകയും വാഹനം നിന്നുപോവുകയും ചെയ്തു. റോഡിൽ വാഹനം നിർത്തിയത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരിക്കുമ്പോഴാണ് മറ്റൊരു പൊലീസ് സംഘം കൂടെ ഇവിടേക്ക് എത്തുന്നത്. പിന്നാലെ വാഹനം നടുറോഡിൽ നിർത്തിയെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നാണ് അനൂപ് പറയുന്നത്.

ഭിന്നശേഷികാരനായ വർ​ഗീസിനെ മർദിക്കുന്നത് തടഞ്ഞ അനൂപിനെയും പൊലീസുകാർ അകാരണമായി മർദിച്ചു. മർദനത്തിനിടയിൽ അനൂപ് കമീഷണറുടെ സഹായം തേടിയതിനും വൈദ്യ പരിശോധനയ്ക്ക് ഇടയിൽ മർദന വിവരം ഡോക്ടറോട് പറഞ്ഞതിനും പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും മർദിച്ചു. പിന്നാലെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊലീസിനെ ആക്രമിച്ചെന്നും കാട്ടി കേസെടുക്കുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മർദനത്തിൽ അനൂപിന്റെ കേൾവി ശക്തി നഷ്ടമായതായി കണ്ടെത്തിയത്.

പൊലീസ് മർദനം ശരിവെച്ചാണ് യുവാക്കൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. എന്നാൽ പൊലീസ് എടുത്ത കേസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ സർക്കാർ ജോലി അടക്കമുള്ള ഇവരുടെ ഭാവി തുലാസിലാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നതിനോടൊപ്പം തങ്ങൾക്കെതിരെ ചുമത്തിയ കേസുകളും റദ്ദ് ചെയ്യണമെന്നാണ് യുവാക്കളുടെ ആവശ്യം.

SCROLL FOR NEXT