പരാതിക്കാരി സരസമ്മ Source: News malayalam 24x7
KERALA

ദളിത് സ്ത്രീയുടെ വീട് നിർമിക്കാൻ അനുവദിച്ച പണം തട്ടിയെടുത്തു; പത്തനംതിട്ടയിൽ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണം

പഞ്ചായത്ത് അംഗങ്ങൾ പണം തട്ടിയെടുത്തതോടെ വീടുപണി മുടങ്ങിയെന്നാണ് നാരങ്ങാനം സ്വദേശി സരസമ്മയുടെ പരാതി

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: നാരങ്ങാനത്ത് ദളിത് സ്ത്രീയുടെ വീട് നിർമിക്കാൻ അനുവദിച്ച പണം പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തതായി പരാതി. പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വഞ്ചനാക്കേസ് എടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകിയിട്ട് കാലങ്ങളായി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

ഏതുനിമിഷവും നിലംപൊത്താൻ സാധ്യതയുള്ള മേൽക്കൂര. തകർന്ന് വീഴാൻ പാകത്തിൽ ചുമരുകൾ. പഞ്ചായത്ത് അംഗങ്ങൾ പണം തട്ടിയെടുത്തതോടെ വീടുപണി മുടങ്ങിയെന്നാണ് നാരങ്ങാനം സ്വദേശി സരസമ്മയുടെ പരാതി. ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇപ്പോൾ സരസമ്മ അന്തിയുറങ്ങുന്നത്.

2021 - 22 സാമ്പത്തിക വർഷത്തിലാണ് സരസമ്മയ്ക്ക് വീട് പുനരുദ്ധാരണത്തിനായി പട്ടികജാതി വികസന വകുപ്പ് ഫണ്ട്‌ അനുവദിച്ചത്. ഈ പണം പഞ്ചായത്ത് അംഗങ്ങൾ തട്ടിയെടുത്തു എന്നാണ് സരസമ്മ പറയുന്നത്. വീട് പണി പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്നാണ് ആരോപണം. സരസമ്മയുടെ പേരിൽ വ്യാപകമായി പണപ്പിരിവ് നടത്തിയതായും ആരോപണം ഉണ്ട്.

പട്ടികജാതി കമ്മീഷന്റെ നിർദേശത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല. ആകെ ലഭിച്ച അറുപതിനായിരം രൂപയേക്കാൾ കൂടുതൽ നിർമാണ പ്രവർത്തികൾ നടന്നു എന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ മറുപടി. വീട്ടമ്മയുടെ ആരോപണം അടിസ്ഥാനരഹിതം ആണെന്നും പഞ്ചായത്ത് അംഗങ്ങൾ വിശദീകരിച്ചു.

SCROLL FOR NEXT