കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികയിൽ വ്യാപക പിഴവുകളെന്ന് പരാതി. കോഴിക്കോട് കോർപ്പറേഷനിൽ കൗൺസിലർ ഉൾപ്പടെ 460 പേരുടെ വോട്ടുകൾ തൊട്ടടുത്ത വാർഡിലാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. വോട്ടർപട്ടികയിലെ പിഴവുകൾ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺകുമാർ ആരോപിച്ചു. സംഭവത്തിൽ അടിയന്തിര ഇടപെടൽ വേണമെന്ന് മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖും ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കോഴിക്കോട് കല്ലായ് വാർഡിലെ കൗൺസിലർ സുധാമണി ഉൾപ്പടെ 460 പേരുടെ വോട്ടുകൾ തൊട്ടടുത്ത ആഴ്ചവട്ടം വാർഡിലായി. ആഴ്ചവട്ടം വാർഡിലെ രണ്ടാമത്തെ ബൂത്തിൽ 1136 മുതൽ 1594 വരെയുളള വോട്ടുകളാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്.
കരട് വോട്ടർ പട്ടികയിൽ വ്യാപക പിഴവുകളാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ ആരോപിച്ചു. പട്ടികയിലെ പിഴവുകൾ തിരുത്താനുള്ള സമയം കുറവാണെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും മുസ്ലീംലീഗ് ജില്ലാ പ്രസിഡണ്ട് എം.എ. റസാഖ് ആവശ്യപ്പെട്ടു.
ഇന്നലെ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ പ്രാഥമിക പരിശോധനയിൽ, നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്. വോട്ടുകൾ ചേർക്കാൻ ഓഗസ്റ്റ് ഏഴ് വരെ സമയമുണ്ടെങ്കിലും ഇത് അപര്യാപ്തമാണെന്ന് പ്രതിപക്ഷം പറയുന്നത്.