പാലക്കാട്: സംസ്ഥാനത്ത് മോഷണക്കുറ്റം ആരോപിച്ച് വീണ്ടും മർദനം. അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെയാണ് ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ പാലൂർ സ്വദേശി മണികണ്ഠന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് മർദിച്ചെന്നാണ് പരാതി. തലയോട്ടിക്ക് ക്ഷതമേറ്റ മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്.
ഡിസംബർ എട്ടാം തീയതി കോഴിക്കോട് ഇലക്ഷൻ പ്രചാരണത്തിനായി പോയ യുവാവ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ കോഴിക്കോട് പൊലീസിന് വിവരമറിച്ചിരുന്നു. പിന്നാലെ പുതൂർ പൊലീസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചിട്ടും നടപടിയെടുത്തില്ലെന്നും കുടുബം ആരോപിക്കുന്നുണ്ട്.