കോഴിക്കോട്: പന്നൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി. പന്നൂർ സ്വദേശികളായ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്കാണ് മർദ്ദനമേറ്റത്. നരിക്കുനിയിലെ കടയിൽ നിന്ന് വാങ്ങിയ തുണി നശിച്ചതോടെ മാറ്റി നൽകാൻ കട ഉടമകൾ തയാറായില്ല. വസ്ത്രത്തിന്റെ തുകക്ക് തത്തുല്യമായ വസ്ത്രം എടുത്തതോടെയാണ് സ്ഥാപനത്തിലെ ജീവനക്കാർ വിദ്യാർഥികളെ മർദിച്ചത്.
നരിക്കുനിയിലെ ഒരു കടയിൽ നിന്നും വിദ്യാർഥികളിൽ ഒരാൾ വസ്ത്രം വാങ്ങിയിരുന്നു. ആദ്യ ഉപയോഗത്തിൽ തന്നെ വസ്ത്രം കേടായി. മാറ്റി വാങ്ങാൻ ചെന്ന വിദ്യാർഥികൾക്ക് വസ്ത്രം മാറ്റി നൽകിയില്ല. വിദ്യാർഥികൾ കടയിൽ നിന്നും വസ്ത്രത്തിന്റെ തുകക്ക് തത്തുല്യമായ വസ്ത്രം എടുത്തുകൊണ്ടു പോയി. ഇതിൽ പ്രകോപിതരായ സ്ഥാപന ജീവനക്കാരാണ് വിദ്യാർഥികളെ മർദിച്ചത്. പത്തിലധികം വരുന്ന ആളുകൾ സംഘം ചേർന്ന് മർദിച്ചതായാണ് പരാതി.
വിദ്യാർഥികളുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. 50,000 രൂപ നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിദ്യാർഥികളിൽ ഒരാളുടെ മൊബൈൽ ഫോണും ഇരുചക്ര വാഹനവും പ്രതികൾ കൈക്കലാക്കി. നാല് മണിക്കൂറിൽ അധികം നേരം സംഘം ചേർന്ന് മർദിച്ചതായി വിദ്യാർഥികൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.