പത്തനംതിട്ട: കോൺഗ്രസ് പ്രവർത്തകനെ സിപിഐഎം പ്രവർത്തകർ മർദിച്ചതായി പരാതി. കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എം.എം. വർഗീസിനാണ് മർദനമേറ്റത്. വിദേശജോലിയുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയിൽ നിന്ന് വർഗീസ് പണം വാങ്ങിയിരുന്നു. ഈ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. തൊടുപുഴ സ്വദേശികളും പ്രാദേശിക സിപിഐഎം പ്രവർത്തകരും ചേർന്ന് മർദിച്ചു എന്നാണ് പരാതി. വർഗീസിന്റെ ആരോപണം തള്ളി സിപിഐഎം രംഗത്തെത്തി.
തൊടുപുഴ സ്വദേശിയിൽ നിന്ന് പണം വാങ്ങിയെന്ന പേരിലായിരുന്നു മർദനം. വർഗീസിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ തീർക്കേണ്ട വിഷയം പ്രാദേശിക സിപിഐഎം നേതൃത്വം രാഷ്ട്രീയമായി ഏറ്റെടുത്ത് പകപോക്കുകയായിരുന്നു എന്ന് വർഗീസ് ആരോപിക്കുന്നു. പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ആരോപണമുണ്ട്. പരിക്കേറ്റ കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എം.എം. വർഗീസ് ചികിത്സയിലാണ്.
എന്നാൽ എന്നാൽ ആരോപണം വ്യാജമാണെന്നാണ് സിപിഐഎം വാദം. തർക്കം നടക്കുന്നത് കണ്ട് അവിടെ എത്തിയതാണെന്നും, ഇത് പരിഹരിക്കാനാണ് ശ്രമിച്ചതെന്നും സിപിഐഎം പറയുന്നു.