തിരുവനന്തപുരം: മാറനല്ലൂരിൽ അങ്കണവാടി ടീച്ചർ കുട്ടിയെ മർദിച്ചതായി പരാതി. പറമ്പിക്കോണം അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയ്ക്കെതിരെയാണ് പരാതി. പ്രവീൺ -നാൻസി ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞിൻ്റെ മുഖത്ത് പാടുകൾ കണ്ടെത്തി. അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഇന്നലെയാണ് കുട്ടിക്ക് അങ്കണവാടി ടീച്ചറിൽ നിന്ന് മർദനമേറ്റത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് മുഖത്തടക്കം മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. പിന്നാലെ കുഞ്ഞ് ടീച്ചർ മർദിച്ചതായി പറഞ്ഞു. കുഞ്ഞിനെ ഉടൻ തന്നെ തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ പരിശോധനയ്ക്കായി തിരവുനന്തപുരം മെഡിക്കൽ കോളേജിൽ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തൈക്കാട് ആശുപത്രി അധികൃതരാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥർ ടീച്ചറുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ടീച്ചറുടെ പക്ഷം. കേസിൽ പുഷ്പകലയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.