പത്തനംതിട്ട: ബലാത്സംഗക്കേസിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി. ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ് ആണ് പരാതി നൽകിയത്. മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് കേസിൽ പ്രതിയാക്കിയതെന്നും, തെളിവ് മജിസ്ട്രേറ്റ് പരിശോധിച്ചില്ലെന്നും ആപേക്ഷമുണ്ട്.
രാഹുലിൻ്റെ മുൻകൂർ ജാമ്യ ഹർജികളെ തടയുവാനുള്ള രഹസ്യനടപടികൾ മജിസ്ട്രേറ്റുമാർ പരിശോധിക്കുന്നില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് അഭിഭാഷകൻ നൽകിയിരിക്കുന്ന പരാതി. മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിക്കുവാനുള്ള പൗരൻ്റെ അവകാശത്തെ തടയുവാൻ രഹസ്യ നീക്കങ്ങളിലൂടെ കസ്റ്റഡിയിൽ എടുത്തു. ആരോപണം വിധേയന് അവകാശപ്പെട്ട നടപടി ക്രമങ്ങൾ തടയുവാൻ പൊലീസ് ശ്രമിക്കുന്നു. ആദ്യം റിമാൻ്റ് പിന്നെ ആരോപണ വിധേയൻ്റെ ഭാഗം കേൾക്കാമെന്ന മജിസ്ട്രേറ്റുമാരുടെ നടപടികൾ പരിശോധിക്കപ്പെടണമെന്നും അഭിഭാഷകൻ്റെ ഹർജിയിൽ പറയുന്നു.
അതേസമയം മൂന്നാം ബലാത്സംഗ കേസിൽ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്, ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറയുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്. ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തളളിയിരുന്നു.
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ പ്രതിഭാഗം വാദങ്ങൾ അടിസ്ഥാനരഹിതം എന്ന് എസ്ഐടി കോടതിയിൽ അറിയിച്ചു. പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് നേരിട്ട് പരാതി ഇ-മെയിൽ ചെയ്തിട്ടുണ്ട്. പരാതിയിൽ ഇ -സിഗ്നേച്ചർ ഉണ്ട്. അന്വേഷണ സംഘത്തിന് 164 പ്രകാരം രഹസ്യമൊഴി നൽകാൻ തയ്യാറാണെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ട്. കോടതി പറഞ്ഞാൽ നേരിട്ട് എത്തി പരാതി ഒപ്പിട്ട് നൽകാമെന്ന് അറിയിച്ചതായും എസ്ഐടി കോടതിയെ അറിയിച്ചു.