KERALA

ഫ്ലാറ്റ് നൽകാമെന്ന് കാൻസർ രോഗിയായ യുവതിയിൽ നിന്ന് തട്ടിയത് അഞ്ച് ലക്ഷം രൂപ; പ്രശ്നത്തിന് പരിഹാരം കാണുമെന്നുറപ്പ് നൽകി വി. ശിവൻകുട്ടി

അഞ്ചൽ സ്വദേശിയായ ഷൈജു അബ്ബാസ് ആണ് നെടുമങ്ങാട് സ്വദേശികളായ നസീറ ബീവി, നെവിൻ സുൽത്താൻ എന്നിവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് അമ്മയെയും മകളെ വഞ്ചിച്ചതായി പരാതി. അഞ്ചൽ സ്വദേശിയായ ഷൈജു അബ്ബാസ് ആണ് നെടുമങ്ങാട് സ്വദേശികളായ നസീറ ബീവി, നെവിൻ സുൽത്താൻ എന്നിവരിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയത്. ഗാന്ധാരിയമ്മൻ കോവിലിനു സമീപത്തെ നാലു നില ഫ്ലാറ്റ് വാടകയ്ക്ക് നൽകാമെന്ന് പറഞ്ഞാണ് ഷൈജു അബ്ബാസ് നസീറബീവിയെ സമീപച്ചത്.

അഞ്ച് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടു. നേരത്തെ മെഡിക്കൽ കോളേജിന് സമീപം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുറികൾ വാടകയ്ക്ക് നൽകുകയായിരുന്നു നസീറ. അത് ഒഴിഞ്ഞ ശേഷം സമാനമായി മുറികൾ വാടകയ്ക്ക് നൽകാനാണ് ഷൈജുവിന്റെ ഫ്ലാറ്റ് എടുത്തത്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കാതെ ഷൈജു കബളിപ്പിച്ചു. കഴിഞ്ഞ 50 ദിവസമായി വെള്ളവും വെളിച്ചവുമില്ലാത്ത മുറിയിൽ കഴിയുകയാണ് കാൻസർ രോഗി കൂടിയായ ഈ അമ്മയും മകളും.

അതേസമയം, കാര്യമറിഞ്ഞ് മന്ത്രിമാരായ ജി.ആർ. അനിലും വി. ശിവൻകുട്ടിയും സ്ഥലത്തെത്തി. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഇരു മന്ത്രിമാരും ഉറപ്പ് നൽകി. സംഭവത്തിൽ തമ്പാനൂർ പൊലീസിൽ പരാതി നസീറ നൽകിയിട്ടുണ്ട്. ഷൈജു ഒളിവിൽ ആണെന്നാണ് പൊലീസ് പറയുന്നത്. കൈയ്യിലുണ്ടായിരുന്ന പണം മുഴുവനും ഷൈജു കൈക്കലാക്കിയതിനാൽ ഭക്ഷണത്തിനു വരെ ബുദ്ധിമുട്ടുകയാണിവർ.

SCROLL FOR NEXT