കോഴിക്കോട്: നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്ന സുവിശേഷ പ്രാസംഗികന്‍ കെ.എ. പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ആക്ഷന്‍ കൗണ്‍സില്‍. ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ ഹെഡ് അഡ്വ സുഭാഷ് ചന്ദ്രനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
അനധികൃതമായി പണം പിരിച്ചെടുക്കാനാണ് കെ.എ. പോളിന്റെ ശ്രമമെന്ന് പരാതിയില്‍ പറയുന്നു. കെ.എ. പോളിനെതിരെ ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
ബ്ലഡ് മണി സംബന്ധിച്ച തീരുമാനം യെമനില്‍ നിന്നും വരാത്തതാണ് കാരണം നിലവില്‍ യാതൊരു പിരിവിനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദേശകാര്യ വകുപ്പിന്റെ അക്കൗണ്ടില്‍ പണം അയയ്ക്കണമെന്ന സുവിശേഷകനും ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോളിന്റെ എക്‌സ് പോസ്റ്റിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.
നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നല്‍കണമെന്നായിരുന്നു കെ.എ. പോളിന്റെ എക്‌സ് പോസ്റ്റ്. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നാണ് പോസ്റ്റില്‍ പറയുന്നത്. പണം അയയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് എക്‌സില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം വ്യക്തമാക്കി.
മുന്‍പും യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ടുവെന്ന് അവകാശപ്പെട്ട് ഡോ. കെ.എ. പോള്‍ രംഗത്തെത്തിയിരുന്നു. ഇതിനായി സമൂഹമാധ്യമങ്ങളില്‍ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിമിഷ പ്രിയയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ യെമനിലേക്ക് പ്രതിനിധികളെ അയയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുകയാണെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും പോള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല.