മർദനത്തിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24*7
KERALA

കൊല്ലത്ത് ഐഎൻടിയുസി പ്രവർത്തകരുടെ ഗുണ്ടായിസം; ലോഡ് ഇറക്കുന്നതിനെ ചൊല്ലി തർക്കം; ഡ്രൈവറേയും സഹായിയേയും മർദിച്ചു

സംഭവത്തിൽ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കൊല്ലം ആദിച്ചനല്ലൂരിൽ ഐഎൻടിയുസി തൊഴിലാളികളുടെ ഗുണ്ടായിസമെന്ന് പരാതി. ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം കയ്യേറ്റത്തിലാണ് കലാശിച്ചത്. ലോറി ഡ്രൈവർ രാജുവിനും സഹായിക്കും മർദനമേറ്റു. സംഭവത്തിൽ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദന ദൃശ്യങ്ങളും പുറത്തുവന്നു.

കൊട്ടാരക്കര പുത്തൂരിൽ നിന്നും ആദിച്ചനല്ലൂർ ഫാർമേഴ്സ് സൊസൈറ്റിയിലേക്ക് വളം ഇറക്കുവാനായി എത്തിയവർക്കാണ് മർദനമേറ്റത്. ലോറി സ്ഥലത്തെത്തിയതിന് പിന്നാലെ ഡ്രൈവറായ പെരുമൺ സ്വദേശി രാജുവും സഹായിയും മറ്റൊരു തൊഴിലാളിയും ചേർന്ന് ലോഡിറക്കാൻ തുടങ്ങി.

എന്നാൽ ഇത് കണ്ടെത്തിയ ഐഎൻടിയുസി തൊഴിലാളി ഷിബു, ലോഡിറക്കുന്നത് ചോദ്യം ചെയ്തു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. തർക്കത്തിനൊടുവിൽ പ്രകോപിതരായ ഐഎൻടിയുസി തൊഴിലാളികൾ ലോറി ഡ്രൈവറേയും ക്ലീനറേയും ക്രൂരമായി മർദിക്കുകയായിരുന്നു.

സംഘർഷം രൂക്ഷമായതോടെ മറ്റു തൊഴിലാളി സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി ഇരുകൂട്ടരെയും നിയന്ത്രിച്ചു. അക്രമത്തിൽ പരിക്കേറ്റതോടെ രണ്ട് കൂട്ടരും ചാത്തന്നൂർ പൊലീസിൽ പരാതി നൽകി. ആറ് ചാക്ക് വളമായിരുന്നു ഇറക്കേണ്ടിയിരുന്നത്. ലോഡിങ് തൊഴിലാളികളെ വിളിച്ചപ്പോൾ എത്താത്തതിനാലാണ് തങ്ങൾ ലോഡ് ഇറക്കിയതെന്ന് ഡ്രൈവറുടെ പരാതിയിൽ പറയുന്നു.

SCROLL FOR NEXT