എറണാകുളം: വൈപ്പിൻ സംസ്ഥാനപാതയിൽ വീതി കൂട്ടി പുനർനിർമിച്ച പാലങ്ങളുടെ മുകൾ ഭാഗം തകരുന്നതായി പരാതി. പാലങ്ങളുടെ മുകൾഭാഗത്തെ ടാറിങ് ഒഴിവാക്കിയതിനെ തുടർന്ന് വിവിധ പാലങ്ങളിലെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളാണ് തകരുന്നത്. കോടിക്കണക്കിന് രൂപ ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ പാലങ്ങളാണ് ഇത്തരത്തിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വൈപ്പിൻ സംസ്ഥാനപാതയിൽ പലതവണ ടാറിങ് നടന്നിരുന്നു. എന്നാൽ വീതി കൂട്ടി പുനർനിർമിച്ച പാലങ്ങളുടെ പ്രതലഭാഗത്തെ ഒഴിവാക്കി കൊണ്ടാണ് പലപ്പോഴും ടാറിങ് നടന്നത്. ഇതോടെ പാലങ്ങളുടെ പ്രതലഭാഗത്ത് വിള്ളലുകൾ വീണ് തുടങ്ങി. മഴ ശക്തമായതോടെ വിള്ളലുകളിലൂടെ ഉള്ളിലേക്ക് വെള്ളം ഇറങ്ങി കോൺക്രീറ്റ് തകരാൻ തുടങ്ങി. ഇതിനു പിന്നാലെയാണ് കമ്പികൾ പുറത്തു വന്നിരിക്കുന്നത്. ടാറിങ് ഒഴിവാക്കുന്നതിനെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിട്ടും വ്യക്തമായ വിശദീകരണം നൽകാൻ പൊതുമരാമത്ത് അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
ഗതാഗതം വർധിച്ചതോടെ പലയിടത്തും കോൺക്രീറ്റ് പൊട്ടിപ്പൊളിയാൻ തുടങ്ങി. ഇടക്കാലത്ത് ചില സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്ന് ചില പാലങ്ങളിൽ പ്രത്യേക മിശ്രിതം ഉപയോഗിച്ച് വിള്ളലുകൾ അടച്ചിരുന്നു. ഗോശ്രീ ദ്വീപുവികസന അതോറിറ്റിയില്‍ നിന്നും അനുവദിച്ച പണം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഭാവിവികസനം മുന്നില്‍ക്കണ്ടുകൊണ്ട് വീതികൂട്ടി ഘട്ടംഘട്ടമായാണ് പാലങ്ങള്‍ പൂര്‍ത്തീകരിച്ചത്. രണ്ട് പാക്കേജുകളിലായി ഏഴ് പാലങ്ങളായിരുന്നു പുനർ നിർമിച്ചത്. പ്രശ്നം പരിഹരിക്കാൻ അധികൃത ഇടപെട്ടില്ലെങ്കിൽ പ്രതിഷേധത്തിന് ഇറങ്ങാൻ ആണ് നാട്ടുകാരുടെ തീരുമാനം.