മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്‍വിയുടെ വിവാദ പരാമര്‍ശത്തില്‍ സമസ്തയില്‍ ഭിന്നത. സമസ്തയിലെ ലീഗ് അനുകൂല വിഭാഗം നദ്‍വിക്ക് പ്രതിരോധം തീര്‍ക്കുമ്പോള്‍, ലീഗ് വിരുദ്ധ വിഭാഗം നദ്‍വിയുടെ നിലപാടുകളെ തള്ളിക്കളയുകയാണ്. അതേസമയം സിപിഎമ്മിനെതിരെ പ്രതിഷേധ സംഗമം നടത്താനാണ് സുന്നി മഹല്ല് ഫെഡറേഷന്റെ തീരുമാനം. കഴിഞ്ഞ ദിവസം മടവൂരില്‍ ഉണ്ടായ പ്രതിഷേധത്തില്‍ നദ്‍വിയെ പരനാറി എന്നായിരുന്നു സിപിഐഎം നേതാവ് അധിക്ഷേപിച്ചത്.
ഇടതുപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എസ്എംഎഫ് പരിപാടിയില്‍ ബഹാവുദ്ദീന്‍ നദ്‍വി നടത്തിയ 'വൈഫ് ഇന്‍ ചാര്‍ജ്' വിവാദ പരാമര്‍ശം ഇന്നലെ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ തള്ളിയിരുന്നു. പക്വതയോടെയുള്ള പ്രതികരണമായിരുന്നു ജിഫ്രി തങ്ങളുടെതെങ്കില്‍, ഉമര്‍ ഫൈസി മുക്കം, അല്പം വിമര്‍ശന സ്വഭാവത്തോടെയാണ് പ്രതികരണം നടത്തിയത്. സമസ്ത മുശാവറ അംഗം എന്നത് ഉത്തരവാദിത്തപ്പെട്ട പദവിയാണെന്നും, നദ്‍വിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചത്.
ഇന്നലെ നടന്ന കേന്ദ്ര മുശാവറ യോഗത്തില്‍ നദ്‍വിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ജിഫ്രി തങ്ങള്‍ പറയുമ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് സുന്നി മഹല്ല് ഫെഡറേഷന്‍ നദ്‍വിക്ക് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തിറങ്ങുന്നത്. സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് ഭൂരിപക്ഷമുള്ള സുന്നി മഹല്ല് ഫെഡറേഷന്റെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് ബഹാവുദ്ദീന്‍ നദ്‍വി. നാളെ മടവൂരില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിലെ പ്രധാനപ്പെട്ട നേതാക്കള്‍ പങ്കെടുക്കും. നദ്‍വിക്ക് പിന്തുണ നല്‍കാനും പ്രതിരോധം തീര്‍ക്കാനും ആണ് സമസ്തയിലെ ലീഗ് പക്ഷത്തിന്റെ തീരുമാനം.
എംഎല്‍എമാരും എംപിമാരും ഇന്‍ ചാര്‍ജ് ഭാര്യമാരെ കൊണ്ടു നടക്കുന്നുവെന്ന നദ്‍വിയുടെ പരാമര്‍ശത്തിന് രാഷ്ട്രീയമായ മറുപടി കൂടിയാണ് സിപിഐഎം നല്‍കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് നദ്‍വിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. കുടിവെള്ളം മലിനമാക്കുന്നു എന്നാരോപിച്ച് നദ്‍വി വൈസ് ചാന്‍സറായ ചെമ്മാട് ദാറുല്‍ ഹുദയിലേക്ക് പ്രതിഷേധം നടത്തിയപ്പോഴും സിപിഐഎം നദ്‍വിയെ വെറുതെ വിട്ടില്ല.
നദ്‍വി മുസ്ലിം ലീഗിന്റെ കോളാമ്പിയായി പ്രവര്‍ത്തിക്കുന്ന ആളാണ്. ചുവന്ന കൊടി കണ്ടാല്‍ ഹാലിളകുന്ന ആളാണ് എന്നുമായിരുന്നു അന്നത്തെ പരിഹാസം. അന്നത്തെ സിപിഐഎം പ്രതിഷേധത്തിനെതിരെ കാര്യമായ വിമര്‍ശനം സമസ്തയുടെ നേതൃത്വത്തില്‍ നിന്ന് ഉണ്ടാവാതെ പോയെങ്കിലും, നദ്‍വിക്ക് വേണ്ടി അന്ന് പ്രതിരോധം തീര്‍ത്തത് മുസ്ലിം ലീഗ് ആയിരുന്നു. ഒരിടവേളക്കുശേഷം സമസ്തയിലെ ലീഗ് ആനുകൂലികളും-സിപിഐഎമ്മും നേരിട്ട് ബുദ്ധിമുട്ടുമ്പോള്‍ സമസ്ത നേതൃത്വം ഭാവിയില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതും നിര്‍ണായകമാണ്.