തൃശൂർ: ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് എസ്ഡിപിഐ പിന്തുണ സ്വീകരിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡൻ്റിനെയും പുറത്താക്കി കോൺഗ്രസ്. എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായ നിധീഷ് എ.എമ്മിനെയും വൈസ് പ്രസിഡൻ്റ് സെബേറ്റ് വർഗീസിനെയുമാണ് പുറത്താക്കിയത്. ജനാധിപത്യ രീതിയിലാണ് തന്നെ തെരഞ്ഞെടുത്തതെന്നും തുടർനടപടി പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും നിധീഷ് പറഞ്ഞു.
14 അംഗങ്ങുള്ള പഞ്ചായത്തിൽ എൽഡിഎഫ് 6, യുഡിഎഫ് 5, എസ്‌ഡിപിഐ 2, എൻഡിഎ ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. എസ്ഡിപിഐയുടെ രണ്ടു വോട്ടുകൾ ലഭിച്ചതോടെ ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ നിധീഷ് എ.എം. പ്രസിഡൻ്റും സെബേറ്റയും വൈസ് പ്രസിഡൻ്റുമാകുകയായിരുന്നു.
തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ നേരത്തെ എസ്ഡിപിഐ പിന്തുണയിൽ പ്രസിഡൻ്റുമാരായ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചിരുന്നു. പാങ്ങോട് പഞ്ചായത്തില്‍ യുഡിഎഫ് അംഗമായ എസ്. ഗീതയാണ് രാജിവെച്ചത്. നേരത്തെ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ യുഡിഎഫ് അംഗമായ കെ.വി. ശ്രീദേവി രാജിവച്ചിരുന്നു. എസ്ഡിപിഐ പിന്തുണ വേണ്ടെന്നു തീരുമാനമെടുത്തതോടെയാണ് ഇവർ രാജിവച്ചത്.