തിരുവനന്തപുരം: തദ്ദേശപ്പോരിൽ സ്ഥാനാർഥികളുമായി ആദ്യം തന്നെ കളം നിറയാൻ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ടാംഘട്ട പട്ടികയും പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീർ പട്ടികയിൽ ഇടം പിടിച്ചു. 15 പേരുടെ രണ്ടാംഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. നേരത്തെ 48 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്. 23 സീറ്റുകളിലെ സ്ഥാനാർഥികളെ മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് ഇനി പ്രഖ്യാപിക്കാനുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി ഇല്ലെങ്കിലും വിജയം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കോൺഗ്രസ്. തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലം കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെയും കോൺഗ്രസ് പ്രഖ്യാപിച്ചു. കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവും ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുമായ എ.കെ. ഹഫീസാണ് മേയർ സ്ഥാനാർഥി. മികച്ച സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലയുടെ സംഘടനാ ചുമതലയുള്ള വി.എസ്. ശിവകുമാർ പറഞ്ഞു.
രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകും. കൊച്ചി കോർപറേഷനിൽ മേയർ സ്ഥാനാർത്ഥിയായി ഷൈനി മാത്യൂ മത്സരിക്കും. സിറ്റിങ് ഡിവിഷനായ ഒന്നാം വാർഡായ ഫോർട്ടുകൊച്ചിയിൽ നിന്ന് ഡൊമിനിക്ക് പ്രസൻ്റേഷൻ്റെ നോമിനിയായിട്ടാകും ഷൈനി മത്സരിക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയാൽ ഉടൻ പ്രചാരണം ആരംഭിക്കാനാണ് നീക്കം.