വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള ഭൂമി വാങ്ങി കോൺഗ്രസ്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഇനിയും രണ്ട് ഇടങ്ങളിൽ കൂടി ഭൂമി വാങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പറഞ്ഞു.
ദുരതിബാധിതർക്കായുള്ള കെപിസിസി ഭവന നിർമാണം എങ്ങുമെത്താതായതോടെ സിപിഐഎം നേരത്തെ രൂക്ഷ വിമർശനം നടത്തിയിരുന്നു. കോൺഗ്രസിൻ്റെ ജന്മദിനമായ ഡിസംബർ 28ന് ഭവന നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നായിരുന്നു കോൺഗ്രസ് എംഎൽഎ ടി. സിദ്ദിഖിൻ്റെ വാഗ്‌ദാനം. എന്നാൽ വീട് നിർമാണത്തിനുള്ള സ്ഥലമെങ്കിലും കോൺഗ്രസ് കണ്ടെത്തിയോ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ചോദ്യമുന്നയിച്ചിരുന്നു.