കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ Source: News Malayalam 24x7
KERALA

'ജയസാധ്യതയുള്ളവരെ പരിഗണിക്കുന്നില്ല'; കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ കല്ലുകടി

ഇതോടെ കോൺഗ്രസിൽ വിമതശല്യം കൂടുവാനുള്ള സാധ്യതയാണ് ഒരുങ്ങിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം പാളുന്നതായി സൂചന. നേതാക്കൾ ജയസാധ്യതയുള്ളവരെ പരിഗണിക്കുന്നില്ല എന്നതാണ് പ്രവർത്തകർക്കിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിരിക്കുന്നത്. ഇതോടെ കോൺഗ്രസിൽ വിമതശല്യം കൂടുവാനുള്ള സാധ്യതയാണ് ഒരുങ്ങിയിരിക്കുന്നത്.

ഇടതുപക്ഷത്തിൻ്റെ കൈയിലുള്ള കോർപ്പറേഷൻ ഭരണം തിരിച്ചു പിടിക്കണമെങ്കിൽ കോൺഗ്രസിന് ശക്തരായ സ്ഥാനാർഥികൾ വേണമെന്നെിരിക്കെയാണ് നേതാക്കൾ തങ്ങളുടെ ഇഷ്ടക്കാരെയും ജയസാധ്യത കുറവുള്ളവരെയും പരിഗണിച്ചു കൊണ്ട് ജയസാധ്യതയുള്ള സ്ഥാനാർഥികളെ ഒഴിവാക്കിയിരിക്കുന്നത്.

ഗ്രൂപ്പ് നേതാക്കളായ കെ.ബാബു, ഡൊമിനിക്ക് പ്രസൻ്റേഷൻ എന്നിവർ ചേർന്ന് സ്വന്തം സ്ഥാനാർഥികളെ കളത്തിലിറക്കിയതായാണ് ആക്ഷേപം ഉയരുന്നത്. ഗ്രൂപ്പുകൾ വീതം വയ്ക്കുന്നതിൽ പ്രവർത്തകർക്ക് കടുത്ത അതൃപ്‌തിയാണുള്ളത്. ജയസാധ്യതയുള്ള മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാർ,കെപിസിസി സെക്രട്ടറിയും മുൻ കൗൺസിലറുമായിരുന്ന തമ്പി സുബ്രഹ്മണ്യം അടക്കമുള്ളവരെ ഗ്രൂപ്പ് നേതാക്കൾ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായേക്കുമെന്നാണ് സൂചന. സീറ്റ് വിഭജനം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. കോൺഗ്രസ് 40 സീറ്റിലും, മുസ്ലീംലീഗ് 25 സീറ്റിലും സിഎംപി 2 സീറ്റിലുമാണ് മത്സരിക്കുക.

SCROLL FOR NEXT