ഡല്‍ഹി : സംസ്ഥാന കോണ്‍ഗ്രസിലെ ഉള്കലാപങ്ങള്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ഡല്‍ഹിയില്‍. രാഹുല്‍ ഗാന്ധിവിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് വി.ഡി. സതീശന് ഡല്‍ഹിയിലെത്തിയത്. യോഗ ശേഷം ഗ്രൂപ്പ് പോര് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി രാഹുലിനെ അറിയിച്ചേക്കും.
അതിനിടെ, ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കാനായി കെപിസിസി നേതൃയോഗങ്ങള്‍ വിളിക്കാന്‍ ആലോചന. ദേശീയ നേതൃത്വവുമായുള്ള ഡല്‍ഹി കൂടിക്കാഴ്ചക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നു പുലര്‍ച്ചെ കേരളത്തില്‍ മടങ്ങിയെത്തി.
പ്രത്യേക നിയമസഭാ സമ്മേളനത്തിനായി നേതാക്കള്‍ തലസ്ഥാനത്ത് എത്തുന്നതോടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ് ആലോചിക്കുന്നത്. അതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് അന്തിമ പരിഹാരം കണ്ടെത്താന്‍ പാര്ലമെമെന്റും നിയമസഭാ സമ്മേളനവും അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.
നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിക്കുന്നതിലും പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപനത്തിനുള്ള ഉന്നതാധികാര സമിതി രൂപീകരിക്കുന്നതിലും ഇതിന് ശേഷമാകും തീരുമാനം ഉണ്ടാവുക. നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് അയവ് വന്നെങ്കിലും സംസ്ഥാനത്ത് ഫ്ളക്സ് യുദ്ധത്തിന് ശമനമില്ല. ഷാഫി പറമ്പിലിനെ അനുകൂലിച്ച് തലസ്ഥാനത്ത് ഇന്നലെ രാത്രിയും ഫ്ളക്സ് ഉയര്‍ന്നു.