കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ കൃത്യമായ നിലപാടെടുക്കാനാവാതെ കോണ്‍ഗ്രസ്. രാഹുലിനെ വെള്ള പൂശി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതി. എഡിറ്റോറിയലിനെ തള്ളി നേതാക്കള്‍ രംഗത്തെത്തിയെങ്കിലും രാഹുലിന് പ്രതിരോധവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാണ്. രാഹുലിനെ ഇന്നലെ അനുകൂലിച്ച് രംഗത്തെത്തിയ കെ. സുധാകരന്‍ ഇന്ന് മലക്കം മറിഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തില്‍ കൃത്യമായ നിലപാടെടുക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. പരാതി വന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് നിലപാടെടുത്ത പല നേതാക്കളും പരാതി വന്നതോടെ, പിന്നില്‍ സിപിഐഎം ആണെന്ന ആരോപണവുമായി രംഗത്തെത്തി. അതിനിടയിലാണ് രാഹുലിനെ പൂര്‍ണമായും ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിലെ എഡിറ്റോറിയല്‍ പ്രത്യക്ഷപ്പെട്ടത്.
ചവിട്ടിയരച്ച് കുലമൊടുക്കാൻ ആണ് നീക്കം എന്നും ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭീതി ഉണ്ടെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. ഉണ്ടായിരിക്കുന്നതെന്നാണ് സൂര്യനെല്ലി കേസ് മുതൽ ഇങ്ങോട്ടുള്ള കേസുകൾ ഉയർത്തി വീക്ഷണം പ്രതിരോധം തീർക്കാന്‍ ശ്രമിക്കുന്നത്. വീക്ഷണം മുഖപത്രത്തിനെതിരെ നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിക്കുമ്പോഴും ശബരിമല സ്വര്‍ണക്കൊള്ള മറക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാണ്.
ഇതിനിടെ കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് രംഗത്തെത്തിയ കെ. സുധാകരൻ ഇന്ന് മലക്കം മറിഞ്ഞു. രാഹുലിന്റെ ചെയ്തികൾ അംഗീകരിക്കാൻ ആകുന്നതല്ലന്ന നിലപാടിലാണ് ഇന്ന് കെ. സുധാകരൻ. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് പറയുമ്പോഴും രാഹുലിനെതിരെ ശക്തമായ നടപടിയെടുക്കാത്തതില്‍ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. രാഹുലിനെതിരായ നടപടികളില്‍ വ്യക്തി ബന്ധങ്ങള്‍ തടസ്സമാകില്ലെന്നായിരുന്നു ഷാഫി പറമ്പിന്‍റെ പ്രതികരണം.
അതേസമയം അതിജീവിതയെ അധിക്ഷേപിച്ച് ഇന്നും ഒരു മഹിളാ കോൺഗ്രസ് നേതാവ് രംഗത്തെത്തി. രാഹുലിനെ വെള്ളപൂശി അതിജീവിതയെ മോശക്കാരിയായി ചിത്രീകരിക്കാന്‍ ആസൂത്രികതമായ ശ്രമമാണ് സൈബറിടത്തില്‍ ഒരു വിഭാഗം നടത്തുന്നത്.