KERALA

"അനീതിയുടെ കസേരകൾ ഇളകും, ഇനി 'കടക്ക് പുറത്ത്' കാലം"; സർക്കാരിനെതിരെ പുതിയ ക്യാംപയിനുമായി കോൺഗ്രസ്

ക്യാംപയിന്റെ ഭാഗമായി ചാർജ്‌ഷീറ്റ് പുറത്തിറക്കാനാണ് തീരുമാനം

Author : ലിൻ്റു ഗീത

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് സർക്കാരിനെതിരെ പുതിയ ക്യാംപയിനുമായി കോൺഗ്രസ്. ഇനി 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെയാണ് കോൺഗ്രസ് ഈ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപത്തെ വിവാദ പരാമർശത്തെ തന്നെ അദ്ദേഹത്തിനെതിരെയുള്ള ആയുധമാക്കിയാണ് പ്രതിപക്ഷം പ്രത്യേക ഡിജിറ്റൽ ഫസ്റ്റ് ക്യാംപയിൻ ആരംഭിക്കുന്നത്. ക്യാംപയിന്റെ ഭാഗമായി ചാർജ്‌ഷീറ്റ് പുറത്തിറക്കാനാണ് തീരുമാനം.

'അനീതിയുടെ കസേരകൾ ഇളകും. ഇനി കടക്ക് പുറത്ത് കാലം'- കാലം എന്ന ക്യാപ്ഷനോടെയാണ് കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.. 'പിണറായി സർക്കാർ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങൾ കൂടി മാത്രം'- എന്നാണ് പോസ്റ്റിലെ വാചകങ്ങൾ. എഐ വീഡിയോയിലൂടെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന ക്യാംപയിനും കോൺ​ഗ്രസ് നടത്തിയിരുന്നു.

ജനങ്ങളുടെ പരാതികൾ ശേഖരിക്കുന്നതിന് വെബ്സൈറ്റും ആരംഭിക്കും. പാട്ടുകൾ, വീഡിയോകൾ എന്നിവ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. പൊതുജന പങ്കാളിത്തം അടക്കം ഉറപ്പാക്കി എൽഡിഎഫിനെതിരായ ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ ക്രമീകരിച്ചിരിക്കുന്നത്.

SCROLL FOR NEXT