രാഹുൽ മാങ്കൂട്ടത്തിൽ, അജയ് തറയിൽ  Source: News Malayalam 24x7
KERALA

"രാഹുലിനെതിരായ നടപടി കൃത്യമായ ബോധ്യത്തോടെ, പെണ്ണുപിടിയൻമാരേയും അഴിമതിക്കാരേയും കോൺഗ്രസിൽ വച്ചുപൊറുപ്പിക്കില്ല"; അജയ് തറയിൽ

സൈബർ ആക്രമണം നടത്തി നേതാക്കളെ തകർക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അജയ് തറയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നടപടി കൃത്യമായ ബോധ്യത്തോടെയെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ. പെണ്ണ് പിടിയൻമാരേയും അഴിമതിക്കാരേയും പാർട്ടിയിൽ വച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നായിരുന്നു അജയ് തറയിലിൻ്റെ പ്രസ്താവന. സൈബർ ആക്രമണം നടത്തി നേതാക്കളെ തകർക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അജയ് തറയിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

നേരത്തെ വി.ഡി. സതീശനെതിരായ കോൺഗ്രസ് അണികളുടെ സൈബർ അറ്റാക്കിൽ വിമർശനവുമായി അജയ് തറയിൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ലോകത്തെവിടെയും ഇത്തരക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുള്ളവർ തകർന്ന് പോയിട്ടേയുള്ളൂ എന്ന് അജയ് തറയിൽ പറയുന്നു.

നേതാക്കളെ തെറി പറഞ്ഞ് ആരെയും വെള്ള പൂശാമെന്ന് കരുതരുതെന്നായിരുന്നു സൈബർ അറ്റാക്കിനെതിരെ അജയ് തറയിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചത്. കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലപ്പെടുത്തുന്ന പാഴ് വേലയിൽ ഏർപ്പെടരുത്. കോൺഗ്രസ് നേതാക്കളെപ്പറ്റി വിഴുപ്പലക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഈ സമയം ഉപയോഗിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് അനുകൂലമായി മൊഴി നൽകിയ യൂത്ത് കോൺഗ്രസ് വനിത നേതാവ് ആരാണെന്ന് തിരയുകയാണ് കോൺഗ്രസ് അണികൾ. ജീന സജി തോമസ് ആരാണെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. രാഹുലിനെ കുടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്നായിരുന്നു ഇന്നലെ ജീന ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. ഈ പശ്ചാത്തലത്തിലാണ് ജീന ആരെന്ന് തേടിയുള്ള അണികളുടെ അന്വേഷണം. അതേസമയം സംഘടനയുമായി ജീനയ്ക്ക് ബന്ധമില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ വാദം.

രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിൻ്റെ വാദം. ഇതിൽ വി. ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.

SCROLL FOR NEXT