തൃശൂർ: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ ആണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നു എന്നാണ് ജോൺ ഡാനിയൽ പരാതിയിൽ പറയുന്നത്.
മദ്യത്തിൻറെ പരസ്യത്തിന് സമ്മാനം നൽകുന്നത് മദ്യത്തെ മഹത്വവൽക്കരിക്കുന്നതിന് തുല്യമാണെന്ന് പരാതിയിൽ ആരോപണം. സർക്കാർ നിർമിക്കുന്ന മദ്യത്തിന് പൊതുജനങ്ങളിൽ നിന്ന് പേരും ലോഗോയും ക്ഷണിച്ചതും അതിന് സമ്മാനം വാഗ്ദാനം ചെയ്തതും സംസ്ഥാനത്തിൻറെ മദ്യനയത്തിന് വിരുദ്ധവും നിയമലംഘനവും പൗരാവകാശ ലംഘനവുമാണ്. മദ്യത്തിനും മറ്റ് ലഹരി ഉൽപന്നങ്ങൾക്കും സർക്കാർ ഒരുവിധ പ്രോത്സാഹനവും പ്രചാരണവും നൽകാൻ പാടില്ലെന്നാണ് നിലവിലുള്ള നിയമം. പൊതുജനാരോഗ്യത്തിനും നാടിൻ്റെ സാമൂഹിക സാമ്പത്തിക ഘടനയ്ക്കും ഗുരുതരമായ ദോഷങ്ങളുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ട മദ്യം പോലൊരു ലഹരിവസ്‌തുവിനെ മഹത്വവൽക്കരിക്കുകയും അതിൻറെ പ്രചാരണത്തിന് സമ്മാനം വാഗ്ദാനം നൽകുകയും ചെയ്‌ത സർക്കാർ നടപടി ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി കാണണമെന്നും പരാതിയിൽ പറയുന്നു. ഇതിന് സർക്കാരിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.