കെ. മുരളീധരൻ, ശശി തരൂർ Source: Facebook/ K. Muraleedharan, Shashi Tharoor
KERALA

"പറക്കുമ്പോൾ ഒരുമിച്ച് പറക്കണം, ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റയ്ക്ക് പറന്നാൽ ചിറകരിഞ്ഞ് താഴെ വീഴും"; ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കെ. മുരളീധരൻ

സണ്ണി ജോസഫ്, കെ. സി. വേണുഗോപാൽ , രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയെ പുകഴ്ത്തിയ ശശി തരൂരിന്റെ നടപടിയെ പരേക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പറക്കുമ്പോൾ നമുക്ക് ഒരുമിച്ച് പറക്കണമെന്നും ആകാശം സ്വന്തമാണെന്ന് കരുതി ഒറ്റയ്ക്ക് പറന്നാൽ ചിറകരിഞ്ഞ് താഴെ വീഴുമെന്നുമാണ് കെ. മുരളീധരൻ്റെ വിമർശനം. സണ്ണി ജോസഫ്, കെ. സി. വേണുഗോപാൽ , രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മുരളീധരന്റെ പ്രതികരണം.

സെക്രട്ടറിയേറ്റിന് സമീപത്തുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആര്യാടൻ ഷൗക്കത്തിന് സ്വീകരണം ഒരുക്കിയ പരിപാടിയിലാണ് കെ. മുരളീധരൻ്റെ വിമർശനം. ഒറ്റകെട്ട് വേണ്ട, കെട്ട് എപ്പോൾ വേണമെങ്കിലും അഴിഞ്ഞ് പോകുമെന്ന് പറഞ്ഞ കെ. മുരളീധരൻ, ഒറ്റ മനസോടെ നമ്മൾ പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർത്തു.

മോദി പ്രശംസയില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തള്ളിപ്പറഞ്ഞതിനു പിന്നാലെയായിരുന്നു തിരുവനന്തപുരം എംപി ശശി തരൂർ എക്സ് പോസ്റ്റുമായി രംഗത്തെത്തിയത്. 'പറക്കാന്‍ ആരുടേയും അനുവാദം ചോദിക്കേണ്ടതില്ല, കാരണം ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആര്‍ക്കും സ്വന്തവുമല്ല'. എന്നായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്.

ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണെന്നാണ് ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച തരൂര്‍, സങ്കീര്‍ണമായ ആഗോള രാഷ്ട്രീയത്തില്‍- ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പ്രകടിപ്പിച്ച ഐക്യം, വ്യക്തമായ ആശയ വിനിമയം, നയതന്ത്ര നീക്കം എന്നിവ മുന്നോട്ട് നീങ്ങാന്‍ രാജ്യത്തെ സഹായിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ശശി തരൂരിന്റെ മോദി പ്രശംസയെ കടുത്ത ഭാഷയിലാണ് ഖാര്‍ഗെ വിമര്‍ശിച്ചത്. 'ഞങ്ങള്‍ക്ക് രാജ്യമാണ് ആദ്യം, പക്ഷെ, ചിലര്‍ക്ക് ആദ്യം മോദിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ആക്രമണത്തിന് ശേഷം, മുഴുവന്‍ പ്രതിപക്ഷവും സൈന്യത്തോടൊപ്പമാണ് നിന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജ്യമാണ് ആദ്യം, പാര്‍ട്ടി രണ്ടാമതേ വരുന്നുള്ളൂ എന്നാണ് ഞങ്ങള്‍ പറഞ്ഞത്. പക്ഷെ, ചിലര്‍ക്ക് മോദിയാണ് ആദ്യം, രാജ്യം രണ്ടാമതേയുള്ളൂ, അതില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നും ഖാര്‍ഗെ പറഞ്ഞു.

SCROLL FOR NEXT