തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി ജില്ലാ ഡിസിസി അധ്യക്ഷൻ പാലോട് രവി. എൽഡിഎഫ് മൂന്നാമതും ഭരണത്തിൽ വരുമെന്ന രവിയുടെ ഫോൺ സംഭാഷണ ശകലം പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. വിവാദമായതോടെ ന്യായീകരണവുമായി പാലോട് രവി രംഗത്തെത്തി. ഒരു പ്രവർത്തകന് നൽകിയ ഉപദേശമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം.
അടുത്ത തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് മൂക്കുംകുത്തി താഴെ വീഴുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നത്. ബിജെപി കാശ് കൊടുത്ത് വോട്ട് വാങ്ങും. തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും പാലോട് രവി കോണ്‍ഗ്രസ് പ്രവർത്തകനോട് പറയുന്നു. എന്നാല്‍, ആ ശബ്ദ സന്ദേശം പുറത്തു വരാൻ പാടില്ലായിരുന്നുവെന്നും ഒരു പ്രവർത്തകന് നൽകിയ ഉപദേശമാണെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം.
"വാർഡില്‍ പ്രവർത്തിക്കാന്‍ കോണ്‍ഗ്രസിന് ആളില്ല. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലത്തെ നമുക്ക് ആളൊള്ളു. ഇത് മനസിലാക്കാതെ മുന്നോട്ട് പോയാല്‍ വെറുതെ വീരവാദം പറഞ്ഞു നമുക്ക് നടക്കാമെന്നേയുള്ളൂ. ഈ പാർട്ടിയെ ഗ്രൂപ്പും താല്‍പ്പര്യവും പറഞ്ഞു കുഴിച്ചുമൂടുന്നതിന്റെ ഉത്തരവാദിത്തം നമുക്കാണ്," പാലോട് രവി പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ ഭിന്നതകൾ മാറി ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് പാലോട് രവി പറഞ്ഞു. ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് കമ്മറ്റികളിൽ പറയുന്നത്. താഴെത്തട്ടിലുള്ള സംഘടന ദൗർബല്യങ്ങൾ പരിഹരിക്കണം. യുഡിഎഫ് തിരിച്ചു വരണമെന്ന സന്ദേശമാണ് നൽകിയതെന്നും രവി വിശദീകരിച്ചു. വളരെ സദുദ്ദേശ്യപരമായാണ് സംസാരിച്ചത്. തിരുവനന്തപുരം ജില്ലയിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും കെപിസിസി പ്രസിഡന്റുമായി സംസാരിക്കുമെന്നും പാലോട് രവി കൂട്ടിച്ചേർത്തു.