പി.ജെ. കുര്യന്‍ Source: News Malayalam 24x7
KERALA

"ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ പഞ്ചായത്തിൽ കണ്ടിട്ടില്ല"; നിലപാടിലുറച്ച് പി.ജെ. കുര്യൻ

ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ഇല്ലെന്നും പി.ജെ. കുര്യന്‍ വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

രാഷ്ട്രീയ വിവാദം ആളിക്കത്തിയിട്ടും യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയ നിലപാടിലുറച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ. വിമർശനം സദുദ്ദേശ്യപരമെന്നും ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റികൾ ഇല്ലെന്നും പി.ജെ. കുര്യന്‍ വിമർശിച്ചു.

ടിവിയിൽ കാണുന്ന യൂത്ത് കോൺഗ്രസുകാരെ തൻ്റെ പഞ്ചായത്തിൽ കണ്ടിട്ടില്ലെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. ഗ്രൗണ്ടിലാണ് വർക്ക് ചെയ്യേണ്ടത്. സമരത്തിൽ മാത്രം കേന്ദ്രീകരിക്കാതെ യുവാക്കൾ പഞ്ചായത്തിലെങ്കിലും കേന്ദ്രീകരിക്കണം എന്നാണ് പറഞ്ഞത്. എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉണ്ടാകണം. പാർട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണ്. അതില്‍ എവിടെയാണ് ദോഷം എന്ന് അറിയില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് പലരും പോയി. ചാണ്ടി ഉമ്മൻ വീടുകളിൽ പോയി പ്രവർത്തിച്ചതായും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിമർശനങ്ങള്‍ ഉന്നയിച്ചതെന്ന് പി.ജെ. കുര്യന്‍ വ്യക്തമാക്കി. ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടക്കുന്നുണ്ട്. സമരം കണ്ടല്ല തെരഞ്ഞെടുപ്പ് കണ്ടാണ് പറയുന്നതെന്ന് കുര്യന്‍ പറഞ്ഞു. "തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍, ഓരോ ബൂത്തുകളിലും സിപിഐഎമ്മിന്റെ ഗുണ്ടായിസം നേരിടണമെങ്കില്‍ നമുക്കും യുവാക്കള്‍ വേണം....പല കോർപ്പറേറ്റീവ് ബാങ്കുകളിലും യുഡിഎഫ് ജയിക്കേണ്ട ബാങ്കുകളില്‍ വോട്ടിങ് ദിവസം സിപിഐഎമ്മിന്റെ ചെറുപ്പക്കാർ ബൂത്തുകളില്‍ ബലമായി പ്രവേശിക്കുന്നു. അതിനെ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസിനെ കാണുന്നില്ല," കുര്യന്‍ കൂട്ടിച്ചേർത്തു.

പാർട്ടിയുടെ താല്‍പ്പര്യം മാത്രം നോക്കിയായിരുന്നു വിമർശനം എന്ന് പി.ജെ. കുര്യന്‍ അറിയിച്ചു. പാർട്ടി ഫോറങ്ങളിൽ നേരത്തെയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിന് ശക്തമായ കേഡർ ഉണ്ട്. യൂത്ത് കോൺഗ്രസിന് ആ അടിത്തറ ഇല്ലാതായെന്നും ബോധ്യത്തോടെയാണ് എല്ലാം പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു. ചെറുപ്പക്കാരെ കണ്ടുപിടിച്ച് കൊണ്ടുവരണം. എല്ലാ പഞ്ചായത്തിലും യൂത്ത് കോൺഗ്രസിന്റെ കമ്മിറ്റികൾ ഉണ്ടാകണം. പാർട്ടിക്ക് വേണ്ടിയാണ് പറഞ്ഞതെന്നും ആരെയും വിമർശിച്ചിട്ടില്ലെന്നും പി.ജെ. കുര്യന്‍ പറഞ്ഞു.

"കോണ്‍ഗ്രസ് കേഡർ പാർട്ടിയല്ല. ശരിയാണ്. ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഇറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്റെ ജില്ലയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുകാർ മത്സരിച്ചല്ലോ. അവർ ജയിച്ചോ? അവരെ പിന്തുണയ്ക്കാന്‍ യുവാക്കള്‍ വേണം. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയില്ല. സമര മുഖത്ത് ആള്‍ വേണം. അവർക്ക് എന്റെ പിന്തുണയുമുണ്ട്. ഓരോ പഞ്ചായത്തിലും കുറഞ്ഞ് 25 ചെറുപ്പക്കാർ എങ്കിലും ഉണ്ടായില്ലെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പ്രയാസമാകും," പി. ജെ. കുര്യന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ വിമർശനങ്ങള്‍ക്കും പി. ജെ. കുര്യന്‍ മറുപടി നല്‍കി. "അദ്ദേഹം അന്ന് ജനിച്ചിട്ടില്ല. 70കളില്‍ വയലാർ രവി, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവർക്കൊപ്പം പ്രവർത്തിച്ച ആളാണ് ഞാന്‍. 70ല്‍ 27 വയസുള്ളപ്പോള്‍ കല്ലൂപ്പാറ അസംബ്ലി മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ട് മത്സരിച്ച ആളാണ്. 1000 വോട്ടിന് തോറ്റ് പോയി. ആ ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവർത്തിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍. വയലാർ രവി, എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി...അവർ എന്നെ അന്നേ മനസിലാക്കിയതാണ്. ഇപ്പോഴത്തെ പിള്ളാർ മനസിലാക്കുന്നില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യാനാണ്, പി.ജെ. കുര്യന്‍ പറഞ്ഞു.

എസ്എഫ്ഐയുടെ സമരം എല്ലാവരും കണ്ടതാണല്ലോ എന്ന് പറഞ്ഞതില്‍ എന്താണ് പ്രശ്നമെന്നും പി.ജെ. കുര്യന്‍ ചോദിച്ചു. ടിവിക്കും സോഷ്യൽ മീഡിയയ്ക്കും പുറത്ത് 40 ശതമാനം ആളുകൾ ഈ സംസ്ഥാനത്തുണ്ട്. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാലത്ത് ഓരോ മണ്ഡലങ്ങളിലും 50 യൂത്ത് കോൺഗ്രസുകാരാണ്. ഇന്ന് അത് ഇല്ലാതായി.ആരെയും ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. കമ്മറ്റി ഉണ്ടാക്കേണ്ടത് യൂത്ത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. കമ്മിറ്റി ഉണ്ടാക്കാൻ വന്നാൽ സഹായിക്കും.വിമർശനമുന്നയിച്ചത് സംസ്ഥാന വ്യാപകമായിട്ടാണ്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരെ വേദിയിൽ ഇരുത്തിയായിരുന്നു പി.ജെ. കുര്യൻ്റെ യൂത്ത് കോണ്‍ഗ്രസ് വിമർശനം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയുന്നില്ല. എതിർ പ്രചരണങ്ങൾക്കിടയിലും സിപിഐഎം സംഘടന സംവിധാനം ശക്തമാണ്. എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്നും പി.ജെ. കുര്യൻ ചൂണ്ടിക്കാട്ടി.

പി.ജെ. കുര്യൻ്റെ വിമർശനങ്ങൾക്ക് അതേവേദിയിൽ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ മറുപടിയും നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തെരുവിലിട്ട് മർദിക്കുന്നത് കാണുന്നില്ലേ എന്നായിരുന്നു രാഹുലിൻ്റെ ചോദ്യം. വിമർശനങ്ങളെ ശിരസാവഹിക്കുന്നു എന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

SCROLL FOR NEXT