ഡോ. ഹാരീസിനെ വേട്ടയാടുന്നത് തരം താണ പ്രവര്‍ത്തിയെന്ന് രമേശ് ചെന്നിത്തല Source; Facebook
KERALA

മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമം; ഡോ. ഹാരീസിനെ വേട്ടയാടുന്നത് തരം താണ പ്രവര്‍ത്തിയെന്ന് രമേശ് ചെന്നിത്തല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ വിഷയത്തിൽ ഡോ. ഹാരിസിനെ പിന്തുണച്ച് രമേശ് ചെന്നിത്തല. "സാധാരണക്കാര്‍ക്കുള്ള ചികിത്സാ സൗകര്യത്തിന്റെ അപര്യാപ്തത തുറന്നു പറഞ്ഞതിൻ്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ഹാരീസിനെ വേട്ടയാടാന്‍ ഭരണകൂടം ഇറങ്ങിപ്പുറപ്പെടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തിയെന്ന് ചെന്നിത്തല പ്രതികരിച്ചു.

വിമര്‍ശിക്കുന്നവരെയും പൊതുജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും വേട്ടയാടാന്‍ ഫാസിസ്റ്റ്, ഏകാധിപത്യമനസുള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളു. ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ നീതിക്കും മനുഷ്യത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ വീണാ ജോര്‍ജ് തന്നെ ഇത്തരമൊരു വേട്ടയ്ക്കു നേതൃത്വം നല്‍കുന്നത് അംഗീകരിക്കാനാവില്ല.

സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നത് ഒരു തെറ്റല്ല. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ അംഗീകരിക്കുകയാണ്, അവരെ ചേര്‍ത്തു പിടിക്കുകയാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത് മനുഷ്യനാവണം എന്നു പാടിയതു കൊണ്ടു മാത്രം കാര്യമില്ല. അങ്ങനെ ആവാന്‍ കൂടി ശ്രമിക്കണം. സ്വന്തം സഹപ്രവര്‍ത്തകരെ തന്നെ ഉപയോഗിച്ചാണ് ഡോ. ഹാരീസിനെ കുടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ഇത്തരം ഭീകരതയ്ക്കു വഴങ്ങാതെ ഡോക്ടര്‍മാരുടെ സംഘടനകള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സ്വന്തം സഹപ്രവര്‍ത്തകന് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ തുടര്‍ഭരണം സിപിഎമ്മിനെ പൂര്‍ണമായും ഫാസിസ്റ്റ് പാര്‍ട്ടിയും ഫാസിസ്റ്റ് ഭരണകൂടവുമാക്കി മാറ്റിയിരിക്കുന്നു. എതിര്‍ക്കുന്നവരെ വേട്ടയാടുകയാണ് ഭരണകൂടവും പാര്‍ട്ടിയും. ഒന്നുകില്‍ പെണ്ണുകേസില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസില്‍ കുടുക്കി എതിരാളികളുടെ ഭാവി നശിപ്പിക്കുന്ന തരം താണ പ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ ഏര്‍പ്പെടുന്നത്. കേരള ജനത ഇതൊക്കെ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുത് - രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം ഡോ. ഹാരിസിനെ വീണ്ടും സംശയ നിഴലിൽ നിർത്തിയിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ. ഹാരിസിന്റെ മുറിയിൽ ആരോ കയറി. കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ രണ്ടാം തിയതി വാങ്ങിയ മോർസിലോസ്കോപ്പിന്റെ ബിൽ കണ്ടെത്തി എന്നും പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ പറഞ്ഞു. കണ്ടെത്തിയ പെട്ടിയിൽ നെഫ്രോസ്കോപ്പ് ആയിരുന്നുവെന്നും അത് റിപ്പയറിന് അയച്ചതാണെന്നും ഡോക്ടർ ഹാരിസിന്റെ മറുപടി.സർക്കാരിന്റെ ഇപ്പോഴത്തെനീക്കം ഡോക്ടർ ഹാരിസിനെ അപമാനിക്കൽ ആണെന്ന് KGMCTA യും മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഗൂഢാലോചന ഇതിനു പിന്നിൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവും പ്രതികരിച്ചു.

SCROLL FOR NEXT