KERALA

രാഹുലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിലതെറ്റി കോൺ​ഗ്രസ്; മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും തള്ളിയും നേതാക്കൾ

നിലവിലെ വിവാദങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളിൽ കുരുക്കിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചും തള്ളിയും കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് അതിജീവിതയ്ക്ക് ഒപ്പമാണോ എന്നചോദ്യത്തിന് നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെയെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പെട്ടെന്ന് ഒരു കേസുമായി വന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കെ. മുരളീധരൻ്റെ ന്യായീകരണം. രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറൻസിക് പരിശോധന നടത്തൂ എന്നായിരുന്നു വി.കെ. ശ്രീകണ്ഠൻ്റെ ഉത്തരം.

അതേസമയം, കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണമായും തള്ളിയാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രം​ഗത്തെത്തിയത്. ഇത്തരം വ്യക്തികളെ ഒരിക്കലും ആരും ന്യായീകരിക്കാൻ ആരും തയ്യാറാകരുതെന്നും 'നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും' എന്നും രൂക്ഷമായ ഭാഷയിലാണ് ഉണ്ണിത്താൻ പ്രതികരിച്ചത്. കോൺഗ്രസിൻ്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാകാതിരിക്കാൻ പാർട്ടി സ്വീകരിച്ച നടപടിയെ ഒറ്റക്കെട്ടായി അംഗീകരിക്കാനും നടപടിയോടൊപ്പം നിൽക്കാനും കേരളത്തിലെ ഓരോ കോൺഗ്രസുകാരനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ പ്രസ്താവനകൾ നടത്തിയ കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാർക്കും എതിരെ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും രം​ഗത്തെത്തിയിട്ടുണ്ട്. രാഹുലിന് എല്ലാ സ്വാതന്ത്ര്യവും കൊടുത്തത് സണ്ണി ജോസഫും വർക്കിങ് പ്രസിഡൻ്റുമാരുണാണെന്നും സസ്പെൻഡ് ചെയ്ത വ്യക്തി പാർട്ടി വേദികളിൽ എത്തിയിട്ടും വിലക്കിയില്ലെന്നും പാർട്ടിക്കുള്ളിൽ നിന്നു തന്നെ ആരോപണമുണ്ട്.

തെരഞ്ഞെടുപ്പ് കാലത്തെത്തിയ വിവാദങ്ങളിലും മാങ്കൂട്ടത്തിലിനെതിരായ കേസിലും നിലതെറ്റിയിരിക്കുകയാണ് കോൺഗ്രസ്. നിലവിലെ വിവാദങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. രാഹുലിനെ എന്നന്നേക്കുമായി പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ഒരുവിഭാഗത്തിൻ്റെ ആവശ്യം. കൂടാതെ നിലവിലെ പ്രശ്നങ്ങളെ ശബരിമല സ്വർണക്കൊള്ള ഉയർത്തിയുള്ള പ്രതിരോധം വേണ്ടെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്.

SCROLL FOR NEXT