തൃശൂരിൽ കെഎസ്‌യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയണിച്ച പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. എസ്.എഫ്.ഐക്കാരുടെ വ്യാജപരാതിയില്‍ പ്രവര്‍ത്തകരെ ഭീകരരെപ്പോലെ കറുത്ത തുണി മുഖത്തണയിച്ച് കോടതിയില്‍ ഹാജരാക്കിയ വടക്കാഞ്ചേരി പോലീസിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
"സിപിഎമ്മിന്റെ പാദസേവകരായ പോലീസ് ഉദ്യോഗസ്ഥരാണ് അധികാര കേന്ദ്രങ്ങളെ സുഖിപ്പിക്കുന്ന ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രിമിനല്‍ പോലീസ് സംഘം കുന്നംകുളത്ത് വിഎസ് സുജിത്തിനെ മര്‍ദ്ദിക്കുമ്പോള്‍ സ്‌റ്റേഷന്‍ ചുമതല വഹിച്ചിരുന്ന ഷാജഹാനാണ് വടക്കാഞ്ചേരിയിലും എസ്.എച്ച്.ഒ. ഈ ഉദ്യോഗസ്ഥന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടുള്ള വിരോധം ഇതില്‍ നിന്ന് വ്യക്തമാണ്. ഇത്തരത്തില്‍ മുഖം മറച്ച് കൈകള്‍ ബന്ധിച്ച് കോടതിയിലെത്തിക്കാന്‍ എന്തു രാജ്യദ്രോഹ കുറ്റകൃത്യമാണ് കുട്ടികള്‍ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം.
കേരളത്തിലെ ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ ഒരു സംവിധാനമായി.ആഭ്യന്തര വകുപ്പിൽ നടക്കുന്ന 'ഒറ്റപ്പെട്ട' സംഭവങ്ങളെ തള്ളിപ്പറയുന്ന ഒരേ ഒരു ജോലിയാണ് ഈ സര്‍ക്കാരുകളിലെ 'ആഭ്യന്തര വകുപ്പ് മന്ത്രി' പിണറായി വിജയനുള്ളത്. കഴിഞ്ഞ 9 വര്‍ഷക്കാലമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് ഹിറ്റ്‌ലറും, സ്റ്റാലിനും, മാവോയും, മുസോളിനിയും, ഈദി അമീനും ഒക്കെയാണെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
ഒരുകൂട്ടം ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇത്തരം ഒരു തേര്‍വാഴ്ചയിലേക്ക് നാടിനെ തള്ളിവിട്ടതിന്റെ ഉത്തരവാദി. എന്നും ഈ സംരക്ഷണം ഉണ്ടാകില്ലെന്ന ബോധ്യം പ്രതികാര രാഷ്ട്രീയവേട്ടയ്ക്ക് ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിസ്മരിക്കരുത്. ഇപ്പോള്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുന്ന ഇത്തരം നീചപ്രവര്‍ത്തികള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പായും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു."
അതേ സമയം കടുത്ത അനീതിയാണ് വടക്കാഞ്ചേരി പൊലീസിന്റെ നടപടിയെന്നും, സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. കേരളത്തിലെ പൊലീസിന് സമനില തെറ്റിയെന്ന് എ.പി. അനില്‍കുമാര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരിലാണ് മൂന്ന് കെഎസ് യു വിദ്യാര്‍ത്ഥികളെ കൊടുംക്രിമിനലുകളെ കൊണ്ടുവരുന്ന വിധം കയ്യാമം വെച്ച് മുഖം കറുത്ത തുണി കൊണ്ട് മറച്ച് കോടതിയില്‍ ഹാജരാക്കിയത്. കേസ് തന്നെ വ്യാജമാണ്. പിണറായി ഭരണത്തില്‍ എന്തുമാകാമെന്ന ഭാവമാണ് പൊലീസിനെന്നും അനിൽ കുമാർ പറഞ്ഞു.
കെഎസ്‌യു തൃശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഗണേഷ് അടക്കമുള്ളപ്രവർത്തകരെ തല മൂടി കെട്ടി കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചിരുന്നു. കൊടും ക്രിമിനലുകളെ ഹാജരാക്കുന്നത് പോലെയാണ് വിദ്യാർത്ഥി നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. മാന്യതയുടെ സകല സീമകളും പോലീസ് ലംഘിക്കുകയാണെന്നും, മറുപടി ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
തൃശൂരിൽ എസ്എഫ്ഐ പ്രവർത്തകരുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ കെഎസ്‌യു നേതാക്കളായ ഗണേഷ് ആറ്റൂർ, അൽഅമീൻ , അസ്ലം കെ എ എന്നിവരെയാണ് രാവിലെ വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. തിരികെ കൊണ്ടുപോകുമ്പോഴും മുഖംമൂടി ധരിപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു പ്രതിഷേധിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി SHO ഷാജഹാന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ തിങ്കളാഴ്ച കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നടത്തുമെന്ന് ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അറിയിച്ചു.