പത്മജ മാധ്യമങ്ങളോട് Source: News Malayalam 24x7
KERALA

"ഈ പട്ടയത്തിന് രണ്ട് ജീവൻ്റെ വില, പണ്ടേ ചെയ്തിരുന്നെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നു"; എൻ.എം. വിജയൻ്റെ മരുമകൾ പത്മജ

എഗ്രിമെൻ്റ് പ്രകാരമുള്ള പണം കോൺഗ്രസ് നൽകിയെന്ന് പത്മജ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

വയനാട്: മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയൻ അർബൻ ബാങ്കിൽ പണയം വെച്ച രേഖകൾ തിരിച്ചെടുത്തെന്ന് മരുമകൾ പത്മജ. എഗ്രിമെൻ്റ് പ്രകാരമുള്ള പണം കോൺഗ്രസ് നൽകിയെന്ന് പത്മജ വ്യക്തമാക്കി. പാർട്ടി വരുത്തിവെച്ച ബാധ്യത തീർന്നു.ബാക്കിയുള്ള കടം സ്വന്തമായി വീട്ടുമെന്നും പത്മജ വ്യക്തമാക്കി. അതേസമയം എൻ.ഡി. അപ്പച്ചൻ്റെ രാജി കർമയാണെന്നായിരുന്നു പത്മജയുടെ പ്രതികരണം. 63 ലക്ഷം രൂപയായിരുന്നു ബത്തേരി അര്‍ബന്‍ ബാങ്കില്‍ കെപിസിസി തിരിച്ചടച്ചത്.

ഈ പട്ടയത്തിന് രണ്ട് ജീവൻ്റെ വിലയുണ്ടെന്ന് പത്മജ പറയുന്നു. പണ്ടേ ചെയ്തിരുന്നെങ്കിൽ അച്ഛനും സഹോദരനും മരിക്കില്ലായിരുന്നു. പാർട്ടി വരുത്തി വച്ച ബാധ്യതകൾ എന്ന നിലയിൽ കോൺഗ്രസ് പറഞ്ഞ കാര്യങ്ങൾ ചെയ്തു. ഇതുവരെ സംസാരിച്ചത് കുടുംബത്തിന് വേണ്ടിയാണ്. ഇന്ന് സംസാരിക്കുന്നതും അവർക്ക് വേണ്ടി തന്നെയാണെന്ന് പത്മജ പറഞ്ഞു.

കാൽ ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോൾ, ഒരമ്മ മക്കൾക്ക് വേണ്ടി ചെയ്യുന്നതെന്താണോ അതാണ് ചെയ്തത്. എന്നാൽ വിഷയത്തിൽ കോൺഗ്രസിൽ നിന്ന് നിരന്തരം അവഗണനയും ആക്ഷേപവും ഉണ്ടായി. കുടുംബത്തിനായി നിലകൊണ്ട് ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ, സൈബർ ആക്രമണം നടത്തി പുറത്തിറങ്ങാൻ പറ്റാതാക്കിയെന്നും പത്മജ പറയുന്നു.

അതേസമയം കർമ എന്നൊന്നുണ്ടായിരുന്നു ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ്റെ രാജിയിൽ പത്മജയുടെ പ്രതികരണം. വയനാട്ടിലെ കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നു എന്നും അവർ പറഞ്ഞു. മുൻ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ എൻ.ഡി. അപ്പച്ചൻ വലിയ രീതിയിൽ സമ്മർദത്തിലായിരുന്നു. എൻ.ഡി അപ്പച്ചനെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റാനടക്കം കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തതിനിടെയാണ് അപ്പച്ചൻ രാജിവച്ചിരിക്കുന്നത്.

SCROLL FOR NEXT