കെ.ആർ. ഔസേപ്പ് Source: News Malayalam 24x7
KERALA

മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റം: "ബിജെപി സഖ്യത്തിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ് അംഗങ്ങൾ വീട്ടിലെത്തി"; നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് കെ.ആർ. ഔസേപ്പ്

ബിജെപിയുമായി സഖ്യമുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി പറഞ്ഞെന്നും ഔസേപ്പ്

Author : പ്രണീത എന്‍.ഇ

തൃശൂർ: മറ്റത്തൂരിലെ കൂട്ടക്കൂറുമാറ്റത്തിൽ നിർണായക വെളിപ്പെടുത്തലുമായി കോൺഗ്രസ് വിമതൻ കെ.ആർ. ഔസേപ്പ്. ജയിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ഒപ്പം നിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ. ആർ. ഔസേപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. പിന്തുണച്ചാൽ ഭരണം പിടിക്കാമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന. എങ്ങനെ ഭരണം പിടിക്കുമെന്ന ചോദ്യത്തിൽ ബിജെപി പിന്തുണയിൽ ഭരിക്കുമെന്ന് അവർ മറുപടി നൽകിയെന്നും കെ. ആർ. ഔസേപ്പ് പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ കെ. ആർ. ഔസേപ്പ് പുറത്തുവിട്ടു. ഡിസിസി ജനറൽ സെക്രട്ടറി ടി.എൻ. ചന്ദ്രൻ ബിജെപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി ഔസേപ്പ് വെളിപ്പെടുത്തി. തനിക്ക് ബിജെപിയുമായി കൂട്ടുകൂടാൻ താൽപ്പര്യമില്ലന്ന് അറിയിച്ചപ്പോൾ, സ്ഥാനാർഥിയെ മാറ്റുമെന്നായിരുന്നു മറുപടി. അവർ പറഞ്ഞ കാര്യങ്ങൾ മൂളി കേട്ടിരുന്നെങ്കിൽ താൻ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ആകുമായിരുന്നെന്നും കെ. ആർ. ഔസേപ്പ് പറഞ്ഞു.

അതേസമയം കൂട്ടക്കൂറുമാറ്റത്തിൽ അന്ത്യശാസനവുമായി തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ എട്ട് അംഗങ്ങളും രാജിവച്ചില്ലെങ്കിൽ അയോഗ്യരാക്കും എന്നാണ് ജോസഫ് ടാജറ്റിൻ്റെ മുന്നറിയിപ്പ്. രാജിവച്ച് പരസ്യമായി തെറ്റ് ഏറ്റുപറഞ്ഞാൽ മാത്രമേ അയോഗ്യരാക്കാനുള്ള നടപടിയിൽ നിന്ന് പിന്നോട്ട് പോകൂ എന്നും ടാജറ്റ് പറഞ്ഞു.

മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൻ്റെ എട്ട് വാർഡ് മെമ്പർമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് നിലവിലെ വാർഡ് മെമ്പർമാരുടെ രാജി സമർപ്പിച്ചത്. പിന്നാലെ കോൺഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നിൽ നിർത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. മറ്റത്തൂരിൽ എൽഡിഎഫ് പത്ത് വാർഡിലും യുഡിഎഫ് എട്ടിലും രണ്ടിടത്ത് കോൺഗ്രസ് വിമതരും വിജയിച്ചിരുന്നു.

SCROLL FOR NEXT