കോഴിക്കോട്: കോൺഗ്രസിന്റെ പ്രാദേശിക എതിർപ്പുകൾ തള്ളി തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടു നൽകാൻ തീരുമാനം. കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഇവിടെ സിഎംപി നേതാവ് സി.പി. ജോൺ മത്സരിക്കും. എന്നാൽ തിരുവനന്തപുരം സീറ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ദേശീയ നേതാക്കളെ കണ്ടു. തിരുവനന്തപുരം സീറ്റിനെ ചൊല്ലി എൽഡിഎഫിലും തർക്കം മുറുകയാണ്.
കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടു നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സിഎംപി നേതൃത്വത്തിന് കൈമാറി. പ്രാദേശിക എതിർപ്പുകൾ പാർട്ടി നേതൃത്വം പരിഹരിക്കുമെന്നും നേതാക്കൾ ഉറപ്പുനൽകി. ഇതോടെ സി.പി. ജോൺ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഉറപ്പായി. സിഎംപി ആവശ്യപ്പെട്ട രണ്ടാം സീറ്റ് മുസ്ലീം ലീഗിന്റെ കൈവശമുളള കുന്ദമംഗലമാണ്. ഈ സീറ്റ് ലീഗ് വിട്ടു നൽകിയില്ലെങ്കിൽ കുന്ദംകുളം സിഎംപിക്ക് നൽകും. തിരുവനന്തപുരം സീറ്റിൽ അവകാശവാദവുമായി കോൺഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഇന്നും രംഗത്തെത്തി. തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
തിരുവനന്തപുരം സീറ്റിനെ ചൊല്ലി എൽഡിഎഫിലും പിടിവലി മുറുകുകയാണ്. ആന്റണി രാജു മത്സരിച്ച ഈ സീറ്റിനായി കേരള കോൺഗ്രസ് എമ്മാണ് അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. സീറ്റിൽ കേരള കോൺഗ്രസ് എമ്മിന് ജയസാധ്യയെന്ന് ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ലയിലെ പ്രവർത്തകർ ഒരു സീറ്റ് ആഗ്രഹിക്കുന്നുണ്ടെന്നും, പാർട്ടിയുടെ ഉറച്ച കോട്ടയാണെന്നും എസ്.എസ്. മനോജ് പറഞ്ഞു.
തൊണ്ടിമുതൽ കേസിൽ എംഎൽഎ സ്ഥാനം നഷ്ടപ്പെട്ട ആന്റണി രാജു സീറ്റിനായി ശ്രമിക്കുന്നുണ്ട്. സീറ്റ് ഏറ്റെടുക്കാൻ സിപിഐഎമ്മും രംഗത്തുണ്ട്. ഇതിനിടെയാണ് കേരള കോൺഗ്രസും സീറ്റ് ആവശ്യം ശക്തമാക്കിയത്.