Source: Files
KERALA

ഏഴ് വര്‍ഷങ്ങൾക്ക് ശേഷം ! കോൺഗ്രസ് പ്രതിനിധികൾ പിഎസ്‌സിയിലേക്ക്

2019 ജൂണിന് ശേഷം ആദ്യമായാണ് കോൺഗ്രസ് പ്രതിനിധികൾ പിഎസ്‌സി അംഗങ്ങളാകാൻ ഒരുങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് പ്രതിനിധികൾ എത്തുന്നു. കമ്മീഷനിൽ നിലവിലുള്ള അഞ്ച് ഒഴിവുകളിലേക്കാണ് പുതിയ യുഡിഎഫ് സർക്കാർ നിയമനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2019 ജൂണിന് ശേഷം ആദ്യമായാണ് കോൺഗ്രസ് പ്രതിനിധികൾ പിഎസ്‌സി അംഗങ്ങളാകാൻ ഒരുങ്ങുന്നത്. അധികാരമേറ്റ് ആദ്യ മാസത്തിനുള്ളിൽ തന്നെ അഞ്ച് പ്രതിനിധികളെ കമ്മീഷനിലേക്ക് അയക്കാൻ കഴിയുന്നത് വി.ഡി. സതീശന്‍ സർക്കാരിനെ സംബന്ധിച്ച് വലിയ രാഷ്ട്രീയ നേട്ടമാകും.

2019 ജൂണിൽ കോൺഗ്രസ് പ്രതിനിധികളായ സിമി റോസ് ബെൽ ജോൺ, ഹരീന്ദ്രനാഥ്, ശിവദാസ് എന്നിവർ വിരമിച്ച ശേഷം പിഎസ്‌സിയുടെ ഭരണതലപ്പത്തേക്ക് ഒരാളെപ്പോലും കൊണ്ടുവരാന്‍ കോൺഗ്രസിന് സാധിച്ചിരുന്നില്ല. 2020 ഡിസംബറിൽ അന്ന് യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് എം പ്രതിനിധി ലോപ്പസ് മാത്യു കൂടി പിഎസ്‌സിയില്‍ നിന്ന് പടിയിറങ്ങിയതോടെ കമ്മീഷനിൽ യുഡിഎഫ് പ്രാതിനിധ്യം പൂർണ്ണമായും ഇല്ലാതായി. എന്നാൽ, മുൻ എൽഡിഎഫ് സർക്കാരിൻ്റെ അവസാന നാളുകളിൽ ഗവർണർ സ്വീകരിച്ച നിലപാടുകളാണ് ഇപ്പോൾ യുഡിഎഫ് സര്‍ക്കാറിന് തുണയായത്.

ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ സിപിഐ പ്രതിനിധി അജയകുമാർ,കോൺഗ്രസ്-എസ് പ്രതിനിധി ഐ. ഷിഹാബുദ്ദീൻ എന്നിവരെ കമ്മീഷന്‍ അംഗമായി നിയമിക്കാനുള്ള ഇടത് സര്‍ക്കാരിന്‍റെ തീരുമാനം ഗവർണർ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചില്ല. പൊതുപ്രവർത്തകരെ പിഎസ്‌സിയിൽ നിയമിക്കരുതെന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയും കോണ്‍ഗ്രസ് എസ് നോമിനിക്കെതിരായ അഴിമതി ആരോപണങ്ങളുമാണ് അന്ന് ലോക്ഭവൻ തീരുമാനത്തെ സ്വാധീനിച്ചത്. പുതിയ സർക്കാർ വന്ന ശേഷം നിയമനം നടത്താൻ ഗവർണ്ണർ നിർദേശിച്ചതോടെ ഈ രണ്ട് ഒഴിവുകൾ യുഡിഎഫിൻ്റെ കൈകളിൽ എത്തി.

ഇതിന് പുറമെ, വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ കമ്മീഷനിൽ നിന്ന് മൂന്ന് പ്രമുഖ അംഗങ്ങൾ കൂടി വിരമിച്ചു. മെയ് 24-ന് സിപിഐഎം പ്രതിനിധി ജോസ് ഡിക്രൂസ്, മെയ് 29-ന് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലെ ഡോ. മിനി സക്കറിയാസ്, തൊട്ടുപിന്നാലെ സിപിഐയിലെ വിജയകുമാരൻ നായരുമാണ് വിരമിച്ചത്. ഇതോടെയാണ് ആകെ ഒഴിവുകളുടെ എണ്ണം അഞ്ചായി ഉയർന്നത്.

അഞ്ച് ഒഴിവുകള്‍ ഘടകക്ഷികളുമായി പങ്കിടുന്നത് സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 21 അംഗ കമ്മീഷനില്‍ നിലവിലുള്ള 16 പേരും എല്‍ഡിഎഫ് നോമിനികളാണ്. സിപിഐഎം അനുകൂല അധ്യാപക സംഘടനാ നേതാവായ ഡോ. എം.ആർ. ബൈജു ചെയർമാനായ കമ്മീഷനിലേക്ക് യുഡിഎഫ് പ്രതിനിധികൾ കൂടി എത്തുന്നതോടെ പിഎസ്‌സി ഭരണത്തിലും തീരുമാനങ്ങളിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ദൃശ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

SCROLL FOR NEXT