KERALA

ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; കോണ്‍ഗ്രസിൻ്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകുന്നു

എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് ഖാർഗെയുള്ളത്

Author : ന്യൂസ് ഡെസ്ക്

‍ഡൽഹി: നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകാൻ സിഇസി യോഗത്തിൽ ധാരണ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. എന്നാൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് ഖാർഗെ ഉള്ളതെന്നാണ് വിവരം.

രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനം ആവാതായതോടെ കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഒന്നിലധികം പേരുകള്‍ വന്ന മണ്ഡലങ്ങളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എഐസിസി യോഗത്തിൽ തീരുമാനമാകാതെ വന്നതോടെയാണ് ഖാർഗെയുടെ വസതിയിൽ യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ന് രണ്ട് തവണയാണ് സ്ഥാനാർഥി നിർണയത്തിൽ എഐസിസി യോഗം ചേരുന്നത്. ആദ്യം ചേർന്ന യോഗം എട്ട് മണിയോടെ പിരിയുകയും വീണ്ടും ചേരുകയുമായിരുന്നു. കെ സുധാകരന് സീറ്റ് നൽകുന്നത് സംബന്ധിച്ചും നേതാക്കൾക്കിടയിൽ തർക്കമുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്നതാണ് ഒരു വിഭാഗം നേതാക്കളുടെയും അഭിപ്രായം. അതേസമയം, കൊച്ചി, ഇടുക്കി സീറ്റുകളിലെ സ്ഥാനാർഥി നിർണയത്തിൽ കെ.സി. വേണുഗോപാലും വി.ഡി. സതീശനും തമ്മിലുള്ള തർക്കവും രൂക്ഷമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ 19 സിറ്റിങ് എംഎൽഎമാരാണുള്ളത്. ആദ്യ പട്ടികയില്‍ എംപിമാർ ആരും ഇടംപിടിച്ചിട്ടില്ല. കണ്ണൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഒഴിച്ചാണ് ഇന്നലെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല.

SCROLL FOR NEXT