ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന ജി. സുധാകരനെ പിന്തുണയ്ക്കാന്‍ യുഡിഎഫ്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് തീരുമാനം.
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി. സുധാകരന്‍ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതു മുതല്‍ തന്നെ ജി. സുധാകരന്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ എംഎസ്എഫ് നടന്നതിയ സൗഹൃദ ഇഫ്താര്‍ വിരുന്നില്‍ ജി. സുധാകരന്‍ പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. മാത്രമല്ല, സിപിഐഎമ്മില്‍ നിന്നും വിടുന്നുവെന്ന് പ്രഖ്യാപിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തെ ലഘൂകരിച്ച് സംസാരിച്ചതും യുഡിഎഫ് പിന്തുണ കിട്ടിയാല്‍ സ്വീകരിക്കുമെന്നതിന്റെ തെളിവാണെന്ന തരത്തില്‍ വിലയിരുത്തലുകളുണ്ടായിരുന്നു. അതേസമയം ജി. സുധാകരന്‍ ഇതുസംബന്ധിച്ച് പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.
വാര്‍ത്താസമ്മേളനത്തില്‍ താന്‍ മറ്റൊരു മുന്നണിയിലേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു മുന്നണിയും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. സിപിഐഎമ്മില്‍ നിന്ന് കാലങ്ങളായി താന്‍ വിവേചനം അനുഭവിക്കുന്നു. അതുകൊണ്ട് പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ല എന്നുമാണ് ജി. സുധാകരന്‍ പറഞ്ഞത്.