കോഴിക്കോട്: ബലാത്സംഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലുമായി സൗഹൃദം ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും എം.എ. ഷഹനാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"ചാനലിന് പണം നൽകിയാണ് ഇൻ്റർവ്യൂ നൽകിയത്. ഇൻ്റർവ്യൂവിൽ അവതാരകൻ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറേ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുൽ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നിൽ ഇരുന്ന് സംസാരിക്കാൻ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്," എം.എ. ഷഹനാസ് പറഞ്ഞു.
"രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് ഷഹനാസ്. എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും ഞാൻ തയ്യാറാണ്. രാഹുലിന് ധൈര്യമുണ്ടോ ഫോൺ കാണിക്കാൻ? നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ," ഷഹനാസ് വെല്ലുവിളിച്ചു.
"എന്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം. ഞാൻ സാരി ഉടുത്തു ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയ്ക്ക് കമന്റ് ബോക്സിൽ വന്ന് മോശം മെസേജ് അയച്ചിട്ടുണ്ട്. അതിന് നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. എന്റെ ഫോൺ വർഷങ്ങളായി ഉപയോഗിക്കുന്നത് ആണ്. പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണ്. രാഹുൽ എന്ന കോഴി സുഹൃത്താണ് എന്ന് പറയുന്നത് എനിക്ക് നാണക്കേടുണ്ട്. എന്റെ സുഹൃത്തല്ല, രാഹുൽ പറയുന്നത് കള്ളം മാത്രം," ഷഹനാസ് പറഞ്ഞു.
"മുഖം കാണിക്കാതെ കരഞ്ഞിരിക്കുന്ന സ്ത്രീകൾക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണ്. തന്നോട് ഇപ്പോഴും ഒരു മുതിർന്ന നേതാവും വിശദീകരണം ചോദിച്ചിട്ടില്ലെന്നും തുറന്നുപറച്ചിലുകൾ ഒരു അജണ്ടയുടെയും ഭാഗമല്ലെന്നും എം.എ. ഷഹനാസ് പറഞ്ഞു. ചാനലുകൾ അവൾക്കൊപ്പം എന്നത് പ്രവൃത്തിയിൽ കാണിക്കണം. അല്ലാതെ പീഡകനൊപ്പം നിൽക്കുന്നത് മാധ്യമ പ്രവർത്തനം അല്ല," എം.എ. ഷഹനാസ് പറഞ്ഞു.