KERALA

വയനാട് പുനരധിവാസം: കോൺഗ്രസിൻ്റെ സ്ഥലം ഏറ്റെടുപ്പ് വൈകിയത് സർക്കാർ ഒപ്പം നിൽക്കാത്തതിനാൽ; കൂവി തോൽപ്പിക്കാൻ നോക്കിയാൽ നടക്കില്ലെന്നും ടി. സിദ്ധിഖ്

വേദിയിൽ ഉള്ളവർ ആരെങ്കിലും അരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ കൂവൽ നിൽക്കുമായിരുന്നുവെന്നും സിദ്ധിഖ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ തനിക്ക് നേരെ ഉണ്ടായ കൂവലിൽ പ്രതികരണവുമായി കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ്. സർക്കാർ വേദിയെ രാഷ്ട്രീയ പകപോക്കലാക്കി മാറ്റി. ദുരന്തബാധിതരെ ചേർത്തുനിർത്തിയ താൻ കൂകിവിളിക്കലിന് അർഹനല്ലെന്നും ടി. സിദ്ധിഖ് ന്യൂസ് മലയാളം ലീഡേർസ് മോണിങ്ങിൽ പറഞ്ഞു. ഉണ്ടായ സങ്കടം മന്ത്രി കെ. രാജനെ അറിയിച്ചു. വേദിയിൽ ഉള്ളവർ ആരെങ്കിലും അരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ കൂവൽ നിൽക്കുമായിരുന്നു. എന്നാൽ ഒരാളും തയ്യാറായില്ല. ഇതിന് മുമ്പ് നടന്ന നൂറുകണക്കിന് യോഗങ്ങളിൽ ഒരു അപശബ്ദം പോലും ഉണ്ടായിട്ടില്ലെന്നും സർക്കാർ വേദി രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും ടി. സിദ്ധിഖ് പറ‍ഞ്ഞു.

"കൂവി തോൽപ്പിക്കാൻ നോക്കിയാൽ നടക്കില്ല. ദുരന്തബാധിതരായ ഒരാൾ പോലും കൂവലിൻ്റെ ഭാഗമായില്ല. സർക്കാർ ഒപ്പം നിൽക്കാത്തതിനാലാണ് കോൺഗ്രസിൻ്റെ സ്ഥലം ഏറ്റെടുപ്പ് വൈകിയത്. സർക്കാർ പ്രതിപ്രവർത്തനവുമായി നിന്നു. ലാൻ്റ് ബോർഡ്, പഞ്ചായത്ത് എന്നിവയുടെ ഭാഗത്തു നിന്നും തടസമുണ്ടാക്കി. സർക്കാരിനെ കുറ്റം പറയാനില്ല. സർക്കാരും പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. ഇരുപതിലേറെ സ്ഥലങ്ങൾ കണ്ട ശേഷമാണ് കോൺഗ്രസ് ഒരു സ്ഥലം ഉറപ്പിച്ചത്. നിയമ പ്രശനങ്ങളും ഉടമകളെ കണ്ടെത്താൻ വൈകിയതുമാണ് കാലതാമസമുണ്ടാക്കി‌യത്", ടി. സിദ്ധിഖിന്റെ വാക്കുകൾ.

"സർക്കാർ പുനരധിവാസ പദ്ധതിയിലേക്ക് പ്രതിപക്ഷം പണം നൽകിയില്ലെന്ന പ്രചരണം വ്യാജമാണ്. താനടക്കം സംഭാവന നൽകിയിട്ടുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയതാണ്. വയനാടിൻ്റെ ഭൂമിയിൽ ഒരു വിഭാഗീയതയുമില്ല. ദുരന്തമുണ്ടായ ആ നിമിഷം മുതൽ താൻ ദുരന്തബാധിതർക്കൊപ്പമാണ്. വയനാടിനായി നാടൊന്നായി ഒന്നിച്ച് നിന്നു. അന്നും ഇന്നും ഒന്നിച്ചാണ്. ചില പരിമിതികൾ ഉണ്ട്. അത് പരിഹരിച്ച് നടപടി വേഗത്തിലാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്". ആര് നല്ലകാര്യം ചെയ്താലും തങ്ങൾ ഒപ്പമുണ്ടെന്നും ടി. സിദ്ധിഖ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT