KERALA

ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം സ്വരാജിന്റേതല്ല?, അത് ഒരു 'കൊച്ചു പെണ്‍കുട്ടി'യുടേത്: ആലപ്പുഴ സമ്മേളത്തില്‍ നടന്നത് വെളിപ്പെടുത്തി സുരേഷ് കുറുപ്പ്

''ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയി''

Author : ന്യൂസ് ഡെസ്ക്

വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന വിവാദ പരാമര്‍ശം ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത് ഒരു 'കൊച്ചു പെണ്‍കുട്ടി'യെന്ന് മുന്‍ എംഎല്‍എയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ കെ. സുരേഷ് കുറുപ്പ്. മാതൃഭൂമി പത്രത്തിലെ വാരാന്ത്യ പതിപ്പില്‍ വന്ന ലേഖനത്തിലാണ് സുരേഷ് കുറിപ്പിന്റെ പരാമര്‍ശം. 'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്'എന്ന ഓര്‍മക്കുറിപ്പിലായിരുന്നു വെളിപ്പെടുത്തല്‍.

'അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല', എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ആലപ്പുഴ സമ്മേളനത്തിന് മുമ്പ്, തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലും വിഎസിന് ക്യാപിറ്റല്‍ പണീഷ്‌മെന്റ് നല്‍കണെന്ന് ഒരു യുവ നേതാവ് പറഞ്ഞതായി സിപിഐഎമ്മിന്റെ മറ്റൊരു മുതിര്‍ന്ന നേതാവായിരുന്ന പിരപ്പന്‍കോട് മുരളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് മുമ്പ് നടന്ന ഒരു സിപിഐഎം സമ്മേളനത്തില്‍ ഒരു യുവ നേതാവ് പറഞ്ഞെന്നും അത് എം. സ്വരാജ് ആയിരുന്നുവെന്നും വ്യാപകമായി പ്രചരണമുണ്ടായിരുന്നു. യുവ നേതാവെന്നതുകൊണ്ട് ഉദ്ദേശിച്ചത് എം. സ്വരാജിനെയാണെന്ന് വ്യാഖ്യാനങ്ങളുണ്ടായിരുന്നു. ഇതിന് മറുപടിയായി എം.വി. ഗോവിന്ദന്‍ സ്വരാജിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു.

അതേസമയം താന്‍ ഒരു യുവ നേതാവ് എന്ന് മാത്രമാണ് പറഞ്ഞതെന്നും അത് എം സ്വരാജിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞിരുന്നു. അന്നത്തെ മിനുട്ട്‌സ് നോക്കിയാല്‍ ആരാാണ് അത് പറഞ്ഞതെന്ന് വ്യക്തമാകുമെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞു. ഇതിനിടെയാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്.

ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് എന്തുകൊണ്ട് ഇറങ്ങിപോയെന്ന തരത്തില്‍ അന്ന് ചര്‍ച്ചകളുണ്ടായിരുന്നു. ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് ഉണ്ടായതെന്നാണ് സുരേഷ് കുമാര്‍ ഓര്‍മകുറിപ്പിലൂടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്.

SCROLL FOR NEXT