കണ്ണൂർ: മേലെ ചൊവ്വയിലെ മേൽപ്പാല നിർമാണത്തിൽ വിവാദം തുടരുന്നു. നിലവിൽ പ്രവൃത്തി ആരംഭിച്ച സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് കണ്ണൂർ എംഎൽഎ അഡ്വ. ടി.ഒ. മോഹനൻ വ്യക്തമാക്കി. എന്നാൽ സമാന്തര സംവിധാനങ്ങൾ ഒരുക്കാതെ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അതിനായി ഇടപെടൽ ആരംഭിച്ചെന്നും എംഎൽഎ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാത്തത് വർഷങ്ങളായി മേലെ ചൊവ്വയെ ഗതാഗത കുരുക്കിന്റെ കേന്ദ്രമാക്കുകയാണ്.
കണ്ണൂർ ജില്ലയിൽ എല്ലാ കാലത്തും ഗതാഗത കുരുക്കിൽ ജനം വലയുന്ന ജംഗ്ഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മേലെ ചൊവ്വ. കണ്ണൂർ-തലശ്ശേരി റൂട്ടിൽ ദേശീയ പാതയിലേക്ക് കണ്ണൂർ-മട്ടന്നൂർ സംസ്ഥാന പാത ചേരുന്ന ഇടം. 2022 ലാണ് മേലെ ചൊവ്വയിൽ അടിപ്പാത നിർമിക്കാൻ എൽഡിഎഫ് സർക്കാർ ആലോചിച്ചത്. ജല സംഭരണിയിൽ നിന്നുള്ള പ്രധാന പൈപ്പുകൾ മാറ്റി സ്ഥാപിക്കേണ്ടി വരുമെന്ന സാങ്കേതിക പ്രശ്നത്താൽ അത് പിന്നീട് മേൽപാലമായി. 2023 ഒക്ടോബറിൽ 424.60 മീറ്റർ നീളത്തിലും 24 മീറ്റർ വീതിയിലും മേൽപ്പാലത്തിന് കിഫ്ബി സാമ്പത്തികാനുമതി നൽകി. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറോളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റി.
നിർമാണ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ തൂണുകളുടെ പൈലിങ് പ്രവൃത്തി, സർവീസ് റോഡ്, ഡ്രെയ്നേജ് എന്നിവയുടെ നിർമാണം ആരംഭിക്കുകയും ചെയ്തു. പ്രവൃത്തി പുരോഗമിക്കവേ ഭരണം മാറി. മേൽപ്പാലം ആവശ്യമോ എന്ന ചർച്ച സജീവമായി. പണി തുടങ്ങിയ സ്ഥിതിക്ക് മേൽപ്പാലം വരട്ടെ എന്നതാണ് നിലപാട് എന്ന് കണ്ണൂർ എം എൽ എ ടി ഒ മോഹനൻ വ്യക്തമാക്കുന്നു. എന്നാൽ മേൽപ്പാലം നിർമ്മാണം പൂർണ്ണമായും അശാസ്ത്രീയമാണെന്നും സമാന്തര സംവിധാനങ്ങൾ ഇല്ലാതെ മേലെ ചൊവ്വയിലെ ഗതാഗത പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും എം എൽ എ പറയുന്നു. കണ്ണൂർ നഗരത്തിൽ നിന്ന് പുതിയ ദേശീയപാതയിൽ പ്രവേശിക്കാൻ നിലവിൽ ചാലയിലാകും എൻട്രി, എക്‌സിറ്റ് പോയിന്റുകൾ. ഇവിടേക്ക് വാഹനങ്ങൾ കടന്നുപോകേണ്ടത് മേലെ ചൊവ്വ വഴിയും.
ചെറിയ ദൂരത്തിൽ മാത്രം മേൽപ്പാലം സ്ഥാപിച്ചത് കൊണ്ട് കുരുക്കഴിയില്ലെന്നാണ് പദ്ധതിയെ എതിർക്കുന്നവരുടെ വാദം. ഇതിനാൽ മുണ്ടയാട് നിന്ന് ആരംഭിക്കുന്ന സർവീസ് റോഡ് ദേശീയപാതക്ക് സാമാന്തരമായി നിർമിക്കണം എന്ന നിർദേശവുമുണ്ട്. ഇതിനുള്ള ഇടപെടൽ ആരംഭിച്ചതായി എം എൽ എ അറിയിച്ചു.താഴെ ചൊവ്വ റെയിൽവേ ഗേറ്റ് വരെ മേൽപ്പാലം നീട്ടണം എന്ന ആവശ്യവുമുണ്ട്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപ്പിലാക്കിയ പദ്ധതികളൊക്കെ പാതിവഴിയിൽ നിലക്കുന്ന ചരിത്രം കൂടിയുണ്ട് മേലെ ചൊവ്വക്ക്. 10 വർഷം മുൻപ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതായിരുന്നു ആദ്യ പദ്ധതി. ഡ്രൈവർമാർക്ക് സിഗ്നൽ ലൈറ്റുകൾ കാണാൻ പറ്റുന്നില്ലെന്ന പരാതി ഉയർന്നതോടെ ഉപേക്ഷിച്ചു.
മൂന്ന് വർഷത്തിന് ശേഷം ജംക്‌ഷൻ വീതി കൂട്ടി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമം തുടങ്ങി. ജംക്‌ഷന് മധ്യത്തിലായി ഉണ്ടായിരുന്ന, കിണർ മൂടുകയും കൂറ്റൻ മരം മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് മൂന്ന് റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തിച്ചതായി ആരും കണ്ടില്ല. ഒന്നിൽ പിഴച്ചത് മൂന്നിലും ശരിയാകാത്ത മേലെ ചൊവ്വയിൽ വീണ്ടും പിഴക്കുമോ? ജനം കുരുക്കിൽ തുടരുമോ? അതോ സുഗമമായ യാത്ര സാധ്യമാകുമോ? കൃത്യമായ ഉത്തരം ഇല്ലെന്നതാണ് നിലവിലെ സ്ഥിതി.