നഗരസഭ നിർമിച്ച ഗാന്ധി പ്രതിമ, കോൺഗ്രസിൻ്റെ ഉപവാസ സമരം Source: News Malayalam 24x7
KERALA

"ഗാന്ധി പ്രതിമ വികൃതമായി നിർമിച്ചു"; ഗുരുവായൂർ നഗരസഭയ്‌ക്കെതിരെ ബിജെപിയും കോൺഗ്രസും

'കലാകാരന്റെ കരവിരുത്' എന്ന് പറഞ്ഞ് നഗരസഭാ ചെയർമാൻ കെ. കൃഷ്ണദാസ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും ആരോപണം

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഗുരുവായൂർ നഗരസഭ നിർമിച്ച ഗാന്ധി പ്രതിമയെ ചൊല്ലി തർക്കം. ഗാന്ധിജിയുടെ രൂപം വികൃതമാക്കിയെന്നാണ് ബിജെപിയുടെയും കോൺഗ്രസിൻ്റെയും ആരോപണം. 'കലാകാരന്റെ കരവിരുത്' എന്ന് പറഞ്ഞ് നഗരസഭാ ചെയർമാൻ കെ. കൃഷ്ണദാസ് ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും ഇരുകൂട്ടരും ആരോപിക്കുന്നുണ്ട്.

ഗുരുവായൂർ നഗരസഭക്ക് കീഴിൽ കോട്ടപ്പടിയിൽ ആരംഭിച്ച ബയോ പാർക്കിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് തർക്കങ്ങൾക്ക് കാരണം. മുൻ നഗരസഭാ കൗൺസിലറും ശിൽപ്പിയുമായ സ്വരാജാണ് പ്രതിമ നിർമിച്ചത്. കണ്ണട ധരിച്ച് വടിയൂന്നി മഹാത്മാവ് നിൽക്കുന്ന രൂപത്തിലാണ് ശിൽപ്പത്തിന്റെ നിർമാണം. എന്നാൽ ഗാന്ധിയുമായി ഈ ശിൽപ്പത്തിന് യാതൊരു ബന്ധവും ഇല്ലെന്നും ശിൽപ്പത്തിലൂടെ രാഷ്ട്ര പിതാവിനെ അപമാനിക്കുകയാണെന്നുമാണ് ആരോപണം.

വിഷയത്തിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസും ബിജെപിയും സിപിഐഎം ഭരണസമിതിക്കെതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ബയോ പാർക്ക് ഉദ്ഘാടനത്തിലാണ് പ്രതിമ അനാച്ഛാധനം ചെയ്തത്. ഉദ്ഘാടന പരിപാടിയിൽ തന്നെ കോൺഗ്രസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതെങ്കിലും കലാകാരന്റെ കരവിരുതെന്ന് വ്യാഖ്യാനിച്ച് വിമർശനങ്ങളെ അവഗണിച്ചതായും ആരോപണമുണ്ട്. അതേസമയം നഗരസഭ ആഗ്രഹിച്ച പ്രതിമയല്ല നിർമിച്ചതെന്നും, ശിൽപ്പിയുടെ സമയ പരിമിതിക്കുള്ളിൽ നിർമിച്ച പ്രതിമ കൂടുതൽ മനോഹരമാക്കുമെന്നും ചെയർമാൻ എം. കൃഷ്ണദാസ് നൽകുന്ന വിശദീകരണം.

പ്രതിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ നഗരസഭക്ക് മുന്നിൽ കോൺഗ്രസ് ഇന്ന് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. വരും ദിവസങ്ങൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെയും തീരുമാനം.

SCROLL FOR NEXT