ഉണ്ണികൃഷ്ണൻ പോറ്റി, മഹസറിൻ്റെ പകർപ്പ് Source: News Malayalam 24x7
KERALA

സ്വർണം എങ്ങനെ ചെമ്പായി? ദ്വാരപാലക ശിൽപത്തിൽ സ്വര്‍ണം പൂശാന്‍ 2019ല്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തൽ

തിരുവാഭരണം കമ്മീഷണറുടെ മഹസറിന്‍റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശാൻ 2019ൽ ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തൽ. തിരുവാഭരണം കമ്മീഷണറുടെ മഹസറിൻ്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. മഹസറില്‍ സ്പോണ്‍സറായി ഒപ്പിട്ടത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. സ്വർണം പൂശാൻ കൊടുക്കുന്നതിന് മുമ്പ് 38,258 ഗ്രാം ചെമ്പാണ് രേഖപ്പെടുത്തിയത്. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയ പാളിയാണിത്. സ്വര്‍ണപാളി എങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത.

2019 ആഗസ്റ്റ് 29നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ പാളികള്‍ എത്തിക്കുന്നത്. ഇതിന് മുൻപ് ഒരു മാസത്തോളം ഇയാൾ അനധികൃതമായി സ്വർണപാളി കയ്യിൽ സൂക്ഷിച്ചു. സ്വര്‍ണം പൂശുന്നതിന് മുമ്പായി 38,258 ഗ്രാം ചെമ്പ് പാളികൾ കണ്ടിട്ടുണ്ടെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി. രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശിയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞിരുന്നു. ഇതെങ്ങനെ ചെമ്പായി മാറി എന്നതിലാണ് ദുരൂഹത. ദ്വാരപാലക ശിൽപത്തിന്റെ നിറം മങ്ങിയപ്പോഴാണു സ്വർണം പൂശി നൽകാൻ 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയത്. 42.8 കിലോ തൂക്കമുണ്ടായിരുന്ന പാളികൾ വീണ്ടും സ്വർണം പൂശി തിരികെയെത്തിച്ചപ്പോൾ 4.41 കിലോ കുറഞ്ഞതായും രേഖകളിലുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസം ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. സ്വർണം പൂശാനായി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെടുത്തുവെന്നും, വിദേശരാജ്യങ്ങളിൽ നിന്നുള്ള മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും പണം പിരിച്ചുവെന്നും ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിലെ വ്യവസായികളിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. വിവാദം ഒഴിവാക്കാൻ പിരിച്ച പണത്തിൽ നിന്നും ഏഴ് പവൻ്റെ മാല മാളികപ്പുറം ക്ഷേത്രത്തിന് നൽകി. മാല ദേവസ്വം ബോർഡിനെ ഏൽപ്പിക്കാതെ ശാന്തിമാർക്ക് നേരിട്ട് നൽകുകയാണ് ചെയ്തതെന്നും പരിശോധനയിൽ നിന്നും വ്യക്തമായി.

SCROLL FOR NEXT