KERALA

ആര്യാടൻ മുഹമ്മദിൻ്റെയും ഇബ്രാഹിം കുഞ്ഞിൻ്റെയും ചിത്രങ്ങൾ നീക്കി; എൽഡിഎഫിന്റെ പ്രചാരണ വെബ്സൈറ്റായ 'ഇരുണ്ട കാല'ത്തിൽ തിരുത്ത്

മരിച്ചവരുടെ ചിത്രം ഉപയോഗിച്ചുള്ള പ്രചാരണം വിമർശിക്കപ്പെട്ടതോടെയാണ് ചിത്രങ്ങൾ നീക്കിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ഭരണകാലത്തെ അഴിമതി ആരോപണങ്ങൾ ഓർമിപ്പിച്ചുകൊണ്ടുള്ള എൽഡിഎഫിന്റെ പ്രചാരണ വെബ്സൈറ്റായ 'ഇരുണ്ട കാല'ത്തിൽ തിരുത്ത്. ആര്യാടൻ മുഹമ്മദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരുടെ ചിത്രങ്ങൾ നീക്കി. മരിച്ചവരുടെ ചിത്രം ഉപയോഗിച്ചുള്ള പ്രചാരണം വിമർശിക്കപ്പെട്ടതോടെയാണ് ചിത്രങ്ങൾ നീക്കിയത്. ഫെബ്രുവരി 18നാണ് ഇരുണ്ട കാലം എന്ന പേരിൽ എൽഡിഎഫ് പുതിയ വെബ് സൈറ്റ് പുറത്തിറക്കിയത്. 'മകനെ തിരിച്ചുവരല്ലേ' എന്ന വെബ് സൈറ്റിലെ ഉപ പേജുകളിൽ നിന്നാണ് ഇരുവരുടെയും ചിത്രങ്ങൾ നീക്കിയത്.

'ഓർമകൾ ഉണ്ടായിരിക്കണം, ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് വെബ് സൈറ്റ് തുറക്കുമ്പോൾ തന്നെ കാണാനാവുക. രണ്ട് പേജുള്ള വെബ് സൈറ്റ് ആണ് ക്യാംപയിനിനായി എൽഡിഎഫ് തയ്യാറാക്കിയിരിക്കുന്നത്. ​ഗെയ്ൽ പദ്ധതി മുതൽ സോളാർ വരെയുള്ള യുഡിഎഫ് കാലത്തെ വിവാ​ദങ്ങൾ അടങ്ങിയ 21 ഉപപേജുകളാണ് വെബ് സൈറ്റിലുള്ളത്. 'മകനെ തിരിച്ചുവരല്ലേ' എന്ന തലക്കെട്ടോടെയുള്ള ഓരോന്നും തുറക്കുമ്പോൾ വിഷയത്തെപ്പറ്റി തയ്യാറാക്കിയ യൂട്യൂബ് വീഡിയോയും കാണാൻ കഴിയും.

2011-16 കാലഘട്ടത്തിൽ ഉമ്മൻ ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാരിലെ ഓരോ വകുപ്പിലും ഉയർന്ന അഴിമതി ആരോപണങ്ങളുടെ വിശദാംശങ്ങളും മന്ത്രിമാരുടെ വിദ്വേഷ പരാമർശങ്ങളുമാണ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോ​ഗ്യരം​ഗത്തും വിദ്യാഭ്യാസ മേഖലയിലും നേരിട്ട വെല്ലുവിളികളും വെബ്സൈറ്റിൽ പരാമർശിക്കുന്നുണ്ട്. പവർകട്ട്, ലോ​ഡ്ഷെഡിങ്, കെഎസ്ആർടിസിയിലെ വെല്ലുവിളി, ബാർകോഴ, സോളാ‌ർ അഴിമതി തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ അഞ്ച് വർഷ ഭരണത്തിലെ പോരായ്മകൾ ഓരോന്നായി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ദേശീയപാതാ വികസനം, ​ഗെയ്ൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിൽ യുഡിഎഫ് സർക്കാർ എന്ത് ചെയ്തെന്ന ചോദ്യവും 'ഇരുണ്ടകാലം' ഉയർത്തുന്നുണ്ട്.

നേരത്തെ സർക്കാരിനെതിരെ യുഡിഎഫും തെരഞ്ഞെടുപ്പ് ക്യാംപയിൻ ആരംഭിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വിവാദങ്ങൾ മൂർച്ഛിച്ചപ്പോൾ 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' എന്ന ക്യാംപയിനുമായാണ് യുഡിഎഫ് ആദ്യമെത്തിയത്. പിന്നാലെ ഇനി 'കടക്ക് പുറത്ത് കാലം' എന്ന പേരിൽ മറ്റൊരും ക്യാംപയിനിനും കോൺ​ഗ്രസ് തുടക്കം കുറിച്ചിരുന്നു. അനീതിയുടെ കസേരകൾ ഇളകും. ഇനി കടക്ക് പുറത്ത് കാലം'- കാലം എന്ന ക്യാപ്ഷനോടെയാണ് കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.. 'പിണറായി സർക്കാർ കടക്ക് പുറത്ത്- ഇനി 90 ദിനങ്ങൾ കൂടി മാത്രം'- എന്നാണ് പോസ്റ്റിലെ വാചകങ്ങൾ. എഐ വീഡിയോയിലൂടെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

SCROLL FOR NEXT