മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് 
KERALA

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ അഴിമതി; ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈം ബ്രാഞ്ച്

കേസിൽ ഇതുവരെ എൺപതിലധികം രേഖകൾ വിജിലൻസ് പിടിച്ചെടുത്തു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. കേസിൽ ഇതുവരെ എൺപതിലധികം രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. നിർമാണത്തിലെ അപാകതകൾ കണ്ടെത്താൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ശാസ്ത്രീയ പരിശോധന നടത്തും. കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി എറണാകുളം സെൻട്രൽ റേഞ്ച് ഡിവൈഎസ്പി പി. രാജ്കുമാർ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ന്യൂസ് മലയാളത്തിന്.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണത്തിന്റെ നിർണ്ണായക വിവരങ്ങളാണ് വിജിലൻസ് വ്യക്തമാക്കിയിരിക്കുന്നത്. മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ എൺപതിലധികം രേഖകൾ വിജിലൻസ് ശേഖരിച്ചുകഴിഞ്ഞു. ആറ് സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

നിർമ്മാണത്തിലെ സാങ്കേതിക പിഴവുകൾ ശാസ്ത്രീയമായി പരിശോധിക്കാൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. നേരത്തെ നടത്തിയ സംയുക്ത പരിശോധനയ്ക്ക് പിന്നാലെ അഗ്നിരക്ഷാ സേനയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അന്തിമ റിപ്പോർട്ടുകൾ വിജിലൻസിന് ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഇടക്കാല റിപ്പോർട്ടും ലഭിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ നിർമ്മാണ കമ്പനി, ജി.സി.ഡി.എ, ലൈഫ് മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ രേഖകൾ ശേഖരിക്കാനുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി. രാജ്കുമാർ കോടതിയെ അറിയിച്ചു. കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസ് നിയമസഭയിൽ ഉന്നയിച്ച സബ്മിഷനെത്തുടർന്നാണ് പി ആൻഡ് ടി കോളനി നിവാസികൾക്കായി ജി.സി.ഡി.എ നിർമ്മിച്ച ഫ്ലാറ്റുകളിലെ ചോർച്ച, വൈദ്യുതി സുരക്ഷാ വീഴ്ചകൾ, ചട്ടലംഘനങ്ങൾ എന്നിവയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

SCROLL FOR NEXT