ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിലെ ഗൺമാന്മാരുടെ 'രക്ഷാപ്രവർത്തന' കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ വീണ്ടും വിമർശിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതിലാണ് ഇത്തവണ വിമർശനമുണ്ടായത്.
എല്ലാം മാധ്യമങ്ങൾക്ക് കൊടുക്കലല്ല അന്വേഷണമെന്ന് കോടതി എസ്ഐടിയെ വിമർശിച്ചു. റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ റിപ്പോർട്ട് ചെയ്യണം. കോടതിയെ പരിഹസിക്കരുതെന്നും പ്രോസിക്യൂഷനോട് കോടതി പറഞ്ഞു. കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
അതേസമയം, രക്ഷാപ്രവർത്തന കേസിൽ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഇടപെടലിന് നിർണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. കേസ് ഡയറി തിരുത്തിയത് അജിത് കുമാർ പറഞ്ഞിട്ടെന്ന് അദ്ദേഹത്തിൻ്റെ ഓഫീസിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐമാർ മൊഴി നൽകി. തിരുത്താൻ ആവശ്യപ്പെട്ടത് വയനാട് ദുരന്തസ്ഥലത്ത് നിന്നാണ്. തിരുത്തിയ റിപ്പോർട്ട് അജിത് കുമാർ നേരിട്ട് പരിശോധിച്ചു. കേസ് എഴുതി തള്ളാനുള്ള നടപടി വേഗത്തിലാക്കാൻ എഡിജിപി നിർദേശിച്ചെന്നും മൊഴിയിൽ പറയുന്നു.