Source: Files
KERALA

"കൊല്ലണമെന്ന ഉദ്ദേശ്യം പ്രതികള്‍ക്ക് ഉണ്ടായിരുന്നു"; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗുരുതര നിരീക്ഷണവുമായി കോടതി

നടന്നത് രാജ്യത്തിന് എതിരായ കുറ്റകൃത്യമെന്നും കോടതി...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗുരുതര നിരീക്ഷണവുമായി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. അപൂർവ കേസായാണ് ഇത് പരിഗണിക്കേണ്ടതെന്ന് കോടതി. പ്രതികള്‍ക്കുണ്ടായിരുന്നത് ഉദ്യോഗസ്ഥരെ കൊല്ലണം എന്ന ഉദ്ദേശ്യം. നടന്നത് രാജ്യത്തിന് എതിരായ കുറ്റകൃത്യം. ആസുത്രിത ആക്രമണം എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നും പ്രതികളുടെ ജാമ്യം തളളിയ ഉത്തരവിൽ കോടതി പറയുന്നു.

ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ പ്രതികള്‍ക്ക് സമാന ആക്രമണം ആവര്‍ത്തിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നും കോടതി. ആക്രമണത്തിന് ഇരയായവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. സംവിധാനങ്ങള്‍ക്ക് എതിരായ ആക്രമണമായാണ് കുറ്റകൃത്യത്തെ കാണേണ്ടത്. പെട്ടന്നുളള പ്രകോപനത്തിലുളള ആക്രമണമായിരുന്നില്ല. ആസുത്രിത ആക്രമണം എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വാടക കാറുകള്‍ നശിപ്പിച്ചത് പൊതുമുതല്‍ നശിപ്പിച്ച വകുപ്പില്‍ വരുമെന്നും കോടതി നിരീക്ഷിച്ചു.

ആക്രമണത്തിൽ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആദ്യ ഘട്ടത്തിൽ പിടിയിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 25 പേരെയാണ് പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ആക്രമണത്തിൽ ആറ് പേരെ റിമാൻഡ് ചെയ്തു. ഇന്നലെ പിടിയിലായ സിപിഐഎം പ്രവർത്തകരെയാണ് റിമാൻഡ് ചെയ്തത്. ആറ്റുകാൽ മുൻ വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, നിഷാദ്, ഉണ്ണി, സിദ്ധാർഥ്, വിജയ്, ഷൈജു സലിം എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

SCROLL FOR NEXT