രാഹുൽ ഈശ്വർ Source: Social Media
KERALA

ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ അവഹേളിച്ചെന്ന പരാതി: രാഹുൽ ഈശ്വറിന് നോട്ടീസയച്ച് കോടതി

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്

Author : പ്രണീത എന്‍.ഇ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. അധിക്ഷേപ കേസ് പ്രതിയായ രാഹുൽ ഈശ്വറിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. ജനുവരി 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അവഹേളിച്ച കേസിലാണ് രാഹുലിന് നോട്ടീസ്. തന്നെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും, ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിക്കാണ് പരാതി നൽകിയത്.

നവംബർ 30നാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഡിസംബർ 15നാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വറിനെ മെന്‍സ് അസോസിയേഷൻ അംഗങ്ങൾ മാലയിട്ട് സ്വീകരിച്ചിരുന്നു.

SCROLL FOR NEXT