ലൈഗിക പീഡന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ റാപ്പർ വേടന് ഹൈക്കോടതി നിർദേശം. അടുത്ത മാസം 9 ,10 തിയതികളിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമർശം.
ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് കോടതി പറഞ്ഞു. ഇത്തരം കേസുകളിൽ അറസ്റ്റിന് വിധേയമാകുന്നത് വ്യക്തികളുടെ ഭാവി തകർക്കും. ഉയർന്നുവരുന്ന കലാകാരനാണ് വേടനെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടരുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന കേസ് ആണ് വേടനെതിരെ എടുത്തിരിക്കുന്നത്. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി.
തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതി മൊഴിയും നൽകിയിരുന്നു.