KERALA

എല്‍ഡിഎഫിലെ കീഴ്‌വഴക്കവും ത്യാഗവും...; തീരുമാനമാകാതെ പ്രതിപക്ഷ ഉപനേതൃസ്ഥാനം

ഫോർമുല പരസ്യമാക്കില്ലെന്നും തർക്കങ്ങൾ പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Author : ന്യൂസ് ഡെസ്ക്

പ്രതിപക്ഷ ഉപനേതൃ പദവിയെ ചൊല്ലിയുള്ള തർക്കം തീർക്കാൻ സിപിഐഎം മുന്നോട്ടുവെച്ച ഫോർമുലയ്ക്ക് വഴങ്ങാതെ സിപിഐ. പദവി ഒഴിച്ചിടാം എന്ന ഫോർമുല സംബന്ധിച്ച് മാധ്യമങ്ങളില്‍ കണ്ടുള്ള അറിവ് മാത്രമേയുള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫില്‍ തുടരുന്നത് തന്നെ സിപിഐയുടെ വലിയ ത്യാഗമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഫോർമുല പരസ്യമാക്കില്ലെന്നും തർക്കങ്ങൾ പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിൽ ഉരുണ്ടുകൂടിയ അസ്വാരസ്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. പദവി വിട്ടുനൽകില്ലെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കും. ആർക്കും നൽകാതെ തർക്കപദവി ഒഴിച്ചിടാൻ സാധ്യതയുണ്ടെന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ എന്ത് നിലപാട് എടുക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐഎം – സിപിഐ സംസ്ഥാന സെക്രട്ടറിമാരോ ദേശീയ സെക്രട്ടറിമാരോ തമ്മില്‍ വിഷയത്തിൽ ചർച്ച ആയേക്കാമെന്ന് പ്രതികരിച്ച ബിനോയ് വിശ്വം പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി അതിന് മുമ്പ് ചര്‍ച്ച ഉണ്ടാകില്ലെന്നും വ്യക്തമാക്കി. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച കെ.എന്‍.എ ഖാദര്‍ അടക്കമുള്ള നേതാക്കളുടെ ക്ഷണവും സിപിഐ തള്ളി. എൽഡിഎഫിൽ തുടരുന്നത് തന്നെ സിപിഐയുടെ വലിയ ത്യാഗമാണെന്നും സിപിഐയുടെ കുഞ്ഞായ ഇടതുമുന്നണിക്ക് പോറല്‍ പോലും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

കീഴ്‌വഴക്കം ലംഘിച്ചാണ് സിപിഐ ഇപ്പോള്‍ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്നതടക്കം കടുത്ത വിമര്‍ശനങ്ങളാണ് വിഷയത്തില്‍ സിപിഐഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍, നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐ എല്ലായ്പ്പോഴും വ്യക്തമാക്കിയത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കും വരെ മുന്നണിക്കുള്ളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തമാക്കാനാണ് സിപിഐ തീരുമാനം.

SCROLL FOR NEXT